ദുബായ്: ''ധോനീനെ കാണുമ്പം ഞാന്‍ ഭയങ്കരമായി കെട്ടിപ്പിടിക്കും, ഐ ലവ് ദാറ്റ് മാന്‍, ധോണി.'' അഞ്ചു വയസ്സുകാരനായ ആഷിഷ് തൊപ്പി ഒപ്പിട്ട് നല്‍കിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോനിയോടുള്ള ആരാധന പങ്കുവെക്കുകയാണ്. 

ആഷിഷിന്റെ വീഡിയോ ധോനിയും ഐ.പി.എല്‍. ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക പേജും പങ്കുവെച്ചതോടെ വൈറലായി. അതുകണ്ട ധോനിയും കുട്ടിഫാനിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. കോവിഡ് കാലം കഴിഞ്ഞാല്‍ ധോനിയെ കാണാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ആഷിഷ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എഫ്.ബി. പേജില്‍ ഇതുവരെ വീഡിയോ കണ്ടവരുടെ എണ്ണം പത്തു ലക്ഷത്തോട് അടുക്കുന്നു.

ജെംസ് സ്‌കൂളിലെ കെ.ജി. ടു വിദ്യാര്‍ഥിയാണ് ആഷിഷ് പദ്മ. ധോനിയുടെ ഒരു മാച്ച് കാണാനിടയായതാണ് ധോനിയോടുള്ള ആരാധന ആഷിഷിലുണ്ടാക്കിയത്. ചെന്നൈ ടീമിന്റെ പരസ്യചിത്രീകരണ സംഘത്തിലുണ്ടായിരുന്ന അച്ഛനാണ് മകന്റെ ധോനി പ്രേമം താരത്തെ അറിയിച്ചത്. അതോടെ കൈയൊപ്പിട്ട തൊപ്പി ആഷിഷിനായി കൊടുത്തയക്കുകയായിരുന്നു. 

ഇതിന് നന്ദി പറയാന്‍ ധോനിക്ക് നല്‍കാനായി ആഷിഷ് തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്ലബ്ബ് എഫ്.എം. ന്യൂസ് റീഡര്‍ മിനി പദ്മയുടെയും ഷാജി പട്ടണത്തിന്റെയും മകനാണ് ആഷിഷ് പദ്മ.

Content Highlights: CSK fanboy's Dhoni I love u video goes viral