സ്നേഹപ്രകടനങ്ങൾക്കും പരിലാളനകൾക്കും കൂർത്ത കൊക്കും കാലിലെ മൂർച്ചയേറിയ നഖങ്ങളുമാണിപ്പോൾ തടസ്സമാകുന്നതെന്ന് ചുട്ടിപ്പരുന്തുമായി ചങ്ങാത്തത്തിലായ യുവാക്കളുടെ സംഘം. മയ്യിൽ ചെറുപഴശ്ശിയിലെ പഴയ വില്ലേജോഫീസിനു സമീപത്തെ 'പ്രതീക്ഷ' എന്ന യുവാക്കളുടെ കൂട്ടായ്മയാണ് എട്ടുമാസമായി എങ്ങോ നിന്നെത്തിയ ചുട്ടിപ്പരുന്തുമായി ഒഴിച്ചുകൂടാനാവാത്ത സൗഹൃദം പുലർത്തുന്നത്.
ഇവിടെയുള്ള പഴശ്ശി കനാലിന്റെ അക്വഡക്ടിനു മുകളിലാണ് കുഞ്ഞൻ പരുന്തിനെ മയ്യിൽ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ പൊനോന്താറ്റിലെ കെ.വേണു കണ്ടെത്തിയത്. തുടക്കത്തിൽ കാക്കകളും മറ്റും ഉപദ്രവിക്കുന്നതിൽനിന്ന് പ്രതീക്ഷ യുവസംഘത്തിലെ രഞ്ജിത്ത് കല്യാടൻ, കെ.എം.ബിജു, സിവിൽ പോലീസ് ഓഫീസർമാരായ കെ.രാധാകൃഷ്ണൻ, സി.കെ.ബിനൂട്ടി, രൂപിത്ത് തുടങ്ങിയവർ പരുന്തിനെ രക്ഷിച്ചിരുന്നു. പിന്നീട് ഭക്ഷണവും നൽകാൻ തുടങ്ങിയതോടെയാണ് ചങ്ങാത്തം ദൃഢമായത്.
ഇപ്പോൾ പരുന്തിനൊപ്പം സെൽഫിയെടുക്കാനും മറ്റും കുട്ടികളുമെത്തുന്നുണ്ട്. സംഘത്തിന്റെ എന്നുമുള്ള പ്രഭാത നടത്തത്തിൽ പരുന്തുമായി ഏറെസമയം ചെലവഴിച്ചാണ് ഇവർ മടങ്ങുന്നത്. രാവിലെയും വൈകിട്ടുമാണ് പരുന്തിനൊപ്പം സല്ലാപത്തിനായി ഇവർ സമയം കണ്ടെത്തുന്നത്. കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഇനം പരുന്താണിത്.
Content highlights :Crested serpent eagle is protected with a organization