രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കങ്ങൾക്ക് പലപ്പോഴും രാജ്യങ്ങളുടെതന്നെ പഴക്കവുമുണ്ടാകും. ആഫ്രിക്കയിലും ഏഷ്യയിലും പസഫിക് മേഖലയിലും യൂറോപ്പിലുമൊക്കെയായി 150-ലധികം രാജ്യങ്ങളെങ്കിലും നിലവിൽ അതിർത്തിയുടെ പേരിൽ ചെറുതും വലുതുമായ തർക്കങ്ങളിലേർപ്പെടുന്നു. ഇന്ത്യ, ജമ്മുകശ്മീരിൽ പാകിസ്താനുമായും ലഡാക്കിലും ഡോക്ലാമിലും ചൈനയുമായും കാലാപാനിയിൽ നേപ്പാളുമായുള്ളതുപോലെ ലോകത്തെ പ്രധാന തർക്കമേഖലകൾ ഏതൊക്കെയാണെന്നു നോക്കാം.

തെക്കൻ ചൈനക്കടൽ

ശാന്തസമുദ്രത്തിൽ മലാക്ക കടലിടുക്കുമുതൽ തയ്വാൻ കടലിടുക്കുവരെ 35 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മേഖലയാണ് തെക്കൻ ചൈനക്കടൽ. ലോകത്തെ മൂന്നിലൊന്ന് കപ്പൽഗതാഗതവും നടക്കുന്ന തന്ത്രപ്രധാനമേഖല. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന മേഖലയിൽ വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ബ്രൂണൈ, തയ്വാൻ, ഇൻഡൊനീഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളും അവകാശമുന്നയിക്കുന്നു.

കിഴക്കൻ ചൈനക്കടൽ

പടിഞ്ഞാറൻ ശാന്തസമുദ്രത്തിന്റെ ഭാഗമാണ് കിഴക്കൻ ചൈനക്കടൽ. ജപ്പാനിലെ സെൻകാകു ദ്വീപുകൾ, ചൈനയിലെ ദിയാവൂ ദ്വീപുകൾ എന്നിവയെച്ചൊല്ലി ഇരുരാജ്യവും തമ്മിലാണ് തർക്കം. ദക്ഷിണകൊറിയ, തയ്വാൻ എന്നിവയാണ് കടലുമായി അതിർത്തി പങ്കിടുന്ന മറ്റുരാജ്യങ്ങൾ.

ക്രിമിയ

കരിങ്കടലിന്റെ വടക്കൻതീരത്തുള്ള ഒരു ഉപദ്വീപാണ് ക്രിമിയ. നേരത്തേ യുക്രൈനിന്റെ ഭാഗമായിരുന്നെങ്കിലും 2014-ഓടെ റഷ്യ പിടിച്ചെടുത്തു. യൂറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയുമെല്ലാം ഉപരോധം മറികടന്നുള്ള അധിനിവേശത്തിന് റഷ്യയ്ക്കും വിലകൊടുക്കേണ്ടിവന്നു. ജി-8 രാജ്യങ്ങളിൽനിന്ന് റഷ്യയെ പുറത്താക്കി. ക്രിമിയയിൽ ഭൂരിഭാഗമാളുകളും റഷ്യൻഭാഷയാണ് സംസാരിക്കുന്നതെന്നും അതിനാൽത്തന്നെ മേഖല തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുമാണ് റഷ്യയുടെ വാദം.

ആർട്ടിക് തീരം

അമേരിക്ക, കാനഡ, റഷ്യ, നോർവേ, ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, സ്വീഡൻ എന്നീ എട്ടു രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ആർട്ടിക് നിലവിൽ ഒരു രാജ്യത്തിന്റെയും ഭാഗമല്ല. ലോകത്തെ അവശേഷിക്കുന്നതിൽ 25 ശതമാനം എണ്ണ, പ്രകൃതിവാതക നിക്ഷേപം ആർട്ടിക്കിലെ മഞ്ഞിൽ പുതഞ്ഞുകിടക്കുന്നുവെന്നാണ് അനുമാനം. അതുകൊണ്ടുതന്നെ മേഖലയിലെ തങ്ങളുടെ പങ്കിനുവേണ്ടി അമേരിക്ക, കാനഡ, റഷ്യ, നോർവേ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അവകാശമുന്നയിച്ചുവരികയാണ്.

തായ്വാൻ

ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിലറിയപ്പെടുന്ന തായ്വാൻ നിലവിൽ സ്വതന്ത്രഭരണകൂടമുള്ള ഒരു മേഖലയാണ്. ഐക്യരാഷ്ട്രസഭ തായ്വാനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നില്ല. തായ്വാനെ തങ്ങളുമായി ചേർക്കാനാണ് ചൈനയുടെ ശ്രമം. മാവോ സെ തുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വിപ്ളവകാരികൾ 1949-ൽ ചൈനയുടെ ഭരണം പിടിച്ചെടുത്തതുമുതലാണ് തായ്വാൻ പ്രശ്നം തുടങ്ങുന്നത്.

പടിഞ്ഞാറൻ സഹാറ

ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പടിഞ്ഞാറൻ സഹാറ നിലവിൽ മൊറോക്കോയുടെ ഭാഗമാണ്. എന്നാലിവിടം സ്വതന്ത്രരാജ്യമാക്കണമെന്നാവശ്യപ്പെട്ട് പോളിസാരിയോ ഫ്രൻഡ് എന്ന വിമതസംഘടന മൊറോക്കോ സർക്കാരുമായി പതിറ്റാണ്ടുകളായി സംഘർഷത്തിലാണ്. നേരത്തേ സ്പാനിഷ് കോളനി (സ്പാനിഷ് സഹാറ) യായിരുന്നു ഇവിടം. 1975-ൽ സ്പെയിൻ പിൻവാങ്ങി. പിന്നാലെയിത് മൊറോക്കോയോട് കൂട്ടിച്ചേർത്തു. സ്പാനിഷ് കോളനിക്കെതിരായി രൂപംകൊണ്ട പോളിസാരിയോ ഫ്രൻഡ് എന്ന സംഘടന ഇതോടെ മൊറോക്കോയുമായി യുദ്ധം തുടങ്ങി.

ഇസ്രയേൽ-പലസ്തീൻ

ഇസ്രയേൽ-പലസ്തീൻ തർക്കത്തിന്റെ കാരണങ്ങളിലൊന്ന് മതമാണ്. മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പലസ്തീൻ രാജ്യം വിഭജിച്ച് 1948-ൽ ഇസ്രയേൽ എന്ന ജൂതരാഷ്ട്രം പിറവികൊണ്ടു. പിന്നാലെ തമ്മിലുള്ള തർക്കവും മുറുകി. ഈജിപ്ത്, ജോർദാൻ, സിറിയ, ഇറാഖ്, ലെബനൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി യുദ്ധം (അറബ് യുദ്ധം) ചെയ്തു.

തർക്കിക്കുന്ന ചില അയൽ രാജ്യങ്ങൾ

ആഫ്രിക്ക

സുഡാൻ-സൗത്ത് സുഡാൻ, ഈജിപ്ത്

എറിത്രിയ-ജിബൂട്ടി

കെനിയ-സൗത്ത് സുഡാൻ

ബുർക്കിന ഫാസോ-ബെനിൻ

ഐവറി കോസ്റ്റ്-ഗിനി

സൗത്ത് സുഡാൻ-യുഗാൺഡ

സാംബിയ-കോംഗോ

കെനിയ-യുഗാൺണ്ഡ

ബുറുൺഡി-റുവാൺഡ

യെമെൻ-സൊമാലിയ

സാംബിയ- സിംബാബ്‌വേ

ഏഷ്യ

ഇറാൻ-ഇറാഖ്, യു.എ.ഇ.

സിറിയ-ലെബനൻ, തുർക്കി, ഇസ്രയേൽ

അർമേനിയ-ആസർബയ്‌ജാൻ

ഭൂട്ടാൻ-ചൈന

കംബോഡിയ-വിയറ്റ്‌നാം

മ്യാൻമാർ-തായ്‌ലാൻഡ്

ഉത്തരകൊറിയ-ദക്ഷിണകൊറിയ

ബഹ്റൈൻ-ഖത്തർ

കിർഗിസ്താൻ-താജിക്കിസ്താൻ

ഇൻഡൊനീഷ്യ-മലേഷ്യ

മലേഷ്യ-ഫിലിപ്പീൻസ്

യൂറോപ്പ്, അമേരിക്ക

അയർലൻഡ്-യു.കെ.

സ്ലൊവീനിയ-ക്രൊയേഷ്യ

ഗ്രീസ്-തുർക്കി

അമേരിക്ക-മെക്‌സിക്കോ

ബ്രസീൽ-യുറഗ്വായ്

Content Highlights:Countries and regions in the world having border dispute, vidya