ചാച്ചാജിയുടെ സന്ദര്‍ശനം അമ്പത്തിയഞ്ച് വര്‍ഷത്തിനു ശേഷവും ഓര്‍ത്തെടുക്കുകയാണ് തൃശ്ശൂര്‍ നിവാസികള്‍. 1955 ഡിസംബറിലാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു മഹാകവി വള്ളത്തോളിന്റെ ആഗ്രഹമനുസരിച്ച് കലാമണ്ഡലം സന്ദര്‍ശിച്ചത്. കലാമണ്ഡലത്തിന്റെ രജതജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാന ദൗത്യം.

കലകളിലൂടെ ഐക്യം നിലനിര്‍ത്തുന്ന ഭാരതത്തെക്കുറിച്ചായിരുന്നു നെഹ്രുവിന്റെ ഉദ്ഘാടനപ്രസംഗം. സഹൃദയനായ നെഹ്രുവിന് കലാമണ്ഡലത്തെയും  മഹാകവി വള്ളത്തോളിനെയും ഏറെ ഇഷ്ടമായി. 

കലാമണ്ഡലത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ സ്വാഗതം ആശംസിച്ച മഹാകവി വള്ളത്തോള്‍, കലാമണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനത്തിന് കേന്ദ്രത്തിന്റെ ധനസഹായം ആവശ്യപ്പെട്ടു. 25000 രൂപയുടെ സഹായമാണ് പ്രധാനമന്ത്രിയോട് മഹാകവി ചോദിച്ചത്.

ചോദിച്ചതിന്റെ ഇരട്ടിത്തുക -അമ്പതിനായിരം രൂപ-പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ നിളാതീരം ആഹ്ലാദാരവത്താല്‍ നിറഞ്ഞുവെന്ന് കലാമണ്ഡലത്തില്‍ അക്കാലത്ത് വിദ്യാര്‍ത്ഥിയായിരുന്ന ഗോപി ആശാന്‍ ഓര്‍ക്കുന്നു.ഉദ്ഘാടനച്ചടങ്ങിനുശേഷം നെഹ്രു അന്ന് നിലത്തിരുന്നാണ് കഥകളി കണ്ടത്.

സുന്ദോപസുന്ദ ചരിതമായിരുന്ന കഥ. കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കീഴ്പടം കുമാരന്‍ നായര്‍, ഗുരു കുഞ്ചുക്കുറുപ്പ് എന്നിവരോടൊപ്പം പതിനഞ്ചുകാരനായ ഗോപിയും അരങ്ങിലെത്തി. തിലോത്തമയുടെ വേഷമായിരുന്നു ലഭിച്ചത്. നിരവധി പ്രധാനമന്ത്രിമാരുടെ മുന്നില്‍ പിന്നീട് കളിച്ചിട്ടുണ്ട്. പക്ഷേ അറുപത്തിയൊന്ന് വര്‍ഷം മുന്നേ ചാച്ചാജിയുടെ മുന്നില്‍ കളിക്കാനായതിന്റെ ധന്യത ആശാന്‍ മറച്ചുവെയ്ക്കുന്നില്ല.

കലാമണ്ഡലത്തിന് പ്രഖ്യാപിച്ച അരലക്ഷം രൂപയുടെ കേന്ദ്രസഹായം ഇതിനിടയില്‍ ചുവപ്പുനാടയില്‍ കുരുങ്ങി. മദിരാശിയില്‍ പ്രധാനമന്ത്രി ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന വിവരം മനസ്സിലാക്കി വള്ളത്തോള്‍ അവിടെ ചെന്ന് ഇക്കാര്യം നേരിട്ട് ശ്രദ്ധയില്‍പ്പെടുത്തി.

ഉദ്യോഗസ്ഥതലത്തിലുണ്ടായ മെല്ലേപ്പോക്കാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ഡല്‍ഹിയില്‍ ചെന്നയുടനെ പൊതുവേദിയില്‍ പ്രഖ്യാപിച്ചതിന്റെ ഇരട്ടിത്തുക കലാമണ്ഡലത്തിന് അനുവദിച്ചു. കലാമണ്ഡലത്തിന് അക്കാലത്ത് ലഭിച്ച ഏറ്റവും വലിയ തുകയായിരുന്നു ഒരു ലക്ഷം രൂപയുടെ നെഹ്രുവിന്റെ സഹായം.

രജതജൂബിലി ചടങ്ങില്‍ നെഹ്രു മഹാകവിയെ അണിയിച്ച മണിഹാരം ഇന്നും കലാമണ്ഡലത്തിന്റെ കൈവശമുണ്ട്. 1989ല്‍ വള്ളത്തോള്‍ കുടുംബാംഗങ്ങളുടെ അപേക്ഷ പരിഗണിച്ച് മുപ്പത്തയ്യായിരം രൂപ നല്‍കിയാണ് മണിഹാരം ഏറ്റെടുത്തത്.

വള്ളത്തോള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ബാങ്ക് ലോക്കറിലാണ് മണിഹാരത്തിന്റെ ഇപ്പോഴത്തെ സൂക്ഷിപ്പ്.   ചാച്ചാജിയുടെയും മഹാകവിയുടെയും ദീപ്തസ്മൃതിയുടെ അടയാളമായ മണിഹാരം വള്ളത്തോള്‍ ജയന്തിദിനത്തില്‍ സഹൃദയര്‍ക്ക് കൂടി കാണുന്നതിന് അവസരം നല്‍കണമെന്ന ആവശ്യവും സജീവം.

കൈപ്പറമ്പിലെ  നെഹ്രു മണ്ഡപം

രാഷ്ട്രീയ-സാമൂഹിക-മത-വിദ്യാഭ്യാസ രംഗത്തെ പ്രധാനപ്പെട്ടവര്‍ പങ്കെടുത്ത് പ്രസംഗിക്കുന്ന വേദിയാണ് കൈപ്പറമ്പ് പഞ്ചായത്തിലെ  നെഹ്രുമണ്ഡപം. ചാച്ചാനെഹ്രുവിന്റെ ഓര്‍മ്മ പുതുക്കാനായി കൈപ്പറമ്പ് പഞ്ചായത്തിലെ മുണ്ടൂരില്‍ പുതുക്കിപ്പണിത നെഹ്രു മണ്ഡപം ജനപ്രീതിനേടുകയും ചെയ്തു. ഹൈവേയോട് ചേര്‍ന്നുള്ള ഈ മണ്ഡപത്തില്‍ 500 ഓളം പേര്‍ക്കിരിക്കാവുന്ന സൗകര്യവുമുണ്ട്. 

jawahar lal nehru4
കൈപ്പറമ്പിലെ  നെഹ്രു മണ്ഡപം

ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഓര്‍മ്മയ്ക്കായി പഞ്ചായത്ത് ഭരണസമിതി കുട്ടികള്‍ക്ക് പാര്‍ക്കാണ് തുടക്കത്തില്‍ തയ്യാറാക്കിയത്. ധാരാളം കുട്ടികള്‍ പാര്‍ക്കില്‍ എത്തിയിരുന്നു. നെഹ്രുവിന്റെ ഛായാചിത്രവും കുട്ടികളെ ആകര്‍ഷിച്ചിരുന്നു. 

എല്ലാവര്‍ഷവും പഞ്ചായത്തതിര്‍ത്തിയിലെ ശിശുദിനാഘോഷം നടത്തിയിരുന്നത് ഈ നെഹ്രു പാര്‍ക്കിലായിരുന്നു. കുട്ടികള്‍ക്കായി പിന്നീട് ലൈബ്രറിയും റേഡിയോ ഹൗസും പാര്‍ക്കിലുണ്ടായിരുന്നു.

കാലപ്പഴക്കത്തില്‍ പാര്‍ക്കിന് മങ്ങലേറ്റു. മഴ പെയ്ത് ഇരുമ്പ് സ്ലൈഡുകളും മറ്റും കേടാകുകയും പാര്‍ക്ക് തത്കാലത്തേക്ക് അടച്ചിടുകയും ചെയ്തു.  പാര്‍ക്കിന്റെ സ്ഥലത്ത് പിന്നീട് മണ്ഡപം ഒരുക്കുവാന്‍ തീരുമാനമായി.

ഇതോടെ പാര്‍ക്കിന്റെ സ്ഥലത്ത് നെഹ്രു മണ്ഡപം സ്ഥലംപിടിച്ചു. പാര്‍ക്കിലുണ്ടായിരുന്ന നെഹ്രുവിന്റെ പ്രതിമ ഇന്നും കേടുവരാതെ മണ്ഡപത്തിന് മുന്നിലുണ്ട്. മണ്ഡപം വന്നതില്‍പ്പിന്നെ റോഡുവക്കത്ത് നടത്തിയിരുന്ന സമ്മേളനങ്ങള്‍ക്ക് പുതിയൊരു ഇടമാകുകയും ചെയ്തു. ഇന്ന് തൃശ്ശൂരിലെ നെഹ്രു മണ്ഡപത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് മുണ്ടൂരിലെ നെഹ്രുമണ്ഡപം. 

സേവനവഴിയില്‍ അര നൂറ്റാണ്ട്

ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേരില്‍ തൊഴിലാളികളുടെയും നാട്ടുകാരുടെയും ഒരു ക്ലബ്ബ്. അതില്‍ 50 വര്‍ഷമായി തുടരുന്ന സേവന പ്രവര്‍ത്തനങ്ങള്‍. ചിമ്മിനി എച്ചിപ്പാറയിലെ ജവഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബാണ് പ്രഥമ പ്രധാനമന്ത്രിയുടെ സ്മരണ സാര്‍ത്ഥകമാക്കുന്നത്.

തോട്ടം തൊഴിലാളികള്‍ക്ക് വിശ്രമവേളകളിലെ വിനോദത്തിനുള്ള നാഷണല്‍ ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശമായിരുന്നു തോട്ടങ്ങളിലെ ക്ലബ്ബുകള്‍. ഇതനുസരിച്ച് കമ്പനിയുടെ  സഹകരണത്തോടെയാണ് ജവഹര്‍ ക്ലബ്ബ് സ്ഥാപിച്ചത്. 

അന്നത്തെ ചിമ്മിനി എസ്റ്റേറ്റ് ജന. മാനേജര്‍ മിച്ചലിന്റെ പിന്തുണയോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇംഗ്ലീഷുകാരനായ മിച്ചലിനെ തൊഴിലാളികള്‍ സ്നേഹത്തോടെ മിച്ചല്‍ സായിപ്പെന്നാണ് വിളിച്ചത്. മാനേജരായിരുന്ന ജോണ്‍, തൊഴിലാളികളായ കുഞ്ഞുട്ടി മൂപ്പര്‍, കാദര്‍, ബാബു ചെത്തല്ലൂര്‍ എന്നിവര്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കലാകായിക രംഗങ്ങളില്‍ സജീവമായിരുന്ന ജവഹര്‍ ക്ലബ്ബ് ആരോഗ്യസേവനരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. സ്വന്തമായി ഫുട്ബോള്‍ ടീമുള്ള ക്ലബ്ബിന് ആദ്യകാലത്ത് സ്വന്തം നാടക ട്രൂപ്പുമുണ്ടായിരുന്നു. 

ഓണം, ക്രിസ്മസ് ആഘോഷങ്ങള്‍ ഇപ്പോഴും മുടങ്ങാതെ സംഘടിപ്പിക്കുന്ന ക്ലബ്ബ് മെഡിക്കല്‍ ക്യാമ്പുകളും സേവനവാരാചരണവും പതിവായി നടത്തുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ വ്യാപകമായുള്ള തോട്ടം മേഖലയില്‍ ബോധവത്കരണ പരിപാടികളും ദുരിതമനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായവും ക്ലബ്ബ് നല്‍കുന്നുണ്ട്.

മൂന്നു വര്‍ഷം മുമ്പ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മദ്യവിരുദ്ധ സമിതി രൂപവത്കരിക്കുകയും അതിനു പിന്തുണയുമായി എച്ചിപ്പാറ ഗ്രാമം മുഴുവന്‍ മദ്യവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. വര്‍ഷംതോറും ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി തൃശ്ശൂര്‍ ജില്ലാ ആസ്പത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പും നടത്തിവരുന്നുണ്ട്.