കമത്യം മഹാബലമെന്ന ചൊല്ല് നമ്മൾ പണ്ടുമുതൽ കേൾക്കാൻ തുടങ്ങിയതാണ്. ഒന്നിച്ച് നിന്നാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് ഏറെ കേട്ടിട്ടുമുണ്ട്. എന്നാൽ നമ്മൾ മനുഷ്യരേക്കാൾ നന്നായി ആ തത്വം മനസ്സിലാക്കിയവരാണ് മൃഗങ്ങളെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് മനസ്സിലാക്കാം.

കാട്ടിലെ രാജാവെന്ന് പേരുകേട്ട സിംഹങ്ങളെ കൂട്ടമായി വന്ന് തുരത്തിയോടിക്കുന്ന കാട്ടുപോത്തുകളാണ് വീഡിയോയിലെ താരങ്ങൾ. ആലസ്യത്തോടെ മൺപാതയിലിരിക്കുന്ന സിംഹക്കൂട്ടത്തിനടുത്തേക്ക് കാട്ടുപോത്തുകൾ ഓടിയെത്തുന്നത് വീഡിയോയിൽ കാണാം. ആദ്യം അവരെക്കണ്ട് കുലുങ്ങാത്ത സിംഹങ്ങൾ അവ അടുത്ത് വരുന്നത് കണ്ടതും ജീവനുംകൊണ്ട് പരക്കം പായുന്നുണ്ട്. ആ പ്രദേശത്തു നിന്ന് എല്ലാ സിംഹങ്ങളും ഓടിപ്പോകുന്നത് വരെ കാട്ടുപോത്തുകൾ അവരുടെ പിന്നാലെ പോകുന്നുണ്ട്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'സിംഹങ്ങൾക്ക് ഇത് വാർട്ടർലൂ യുദ്ധത്തിന് സമാനം. ഒന്നിച്ച് വന്ന് സിംഹക്കൂട്ടത്തെ തുരത്തിയോടിക്കുന്ന കാട്ടുപോത്തിൻകൂട്ടം'' എന്ന അടിക്കുറിപ്പോടെയാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Content Highlights: Buffalo herd chases pride of lions away video goes viral