മുക്കെല്ലാവർക്കും പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടങ്ങളിൽ ഒന്നാണ് ബാർബി ഡോളുകൾ. വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് നല്ല സ്റ്റൈലിൽ നടക്കുന്ന ബാർബികളോടുള്ള ഈ ഇഷ്ടം കൊണ്ട് തന്നെ അവർ കഥാപാത്രങ്ങളായി വരുന്ന സിനിമകളും വീഡിയോകളും കാണാൻ ആരാധകരേറെയാണ്.

നമ്മുടെ ഈ ബാർബിയും ആഫ്രിക്കൻ- അമേരിക്കൻ ഡോളായ നിക്കിയും ചേർന്നുള്ള വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഇവർ രണ്ടാളും എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ? വർണ വിവേചനത്തെക്കുറിച്ച്. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരോടും എങ്ങനെയാണ് ആളുകൾ പെരുമാറുന്നതെന്നാണ് രണ്ടാളും ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്.

സ്കൂളിലെ ഫ്രഞ്ച് ഓണർ ക്ലബ്ബിൽ അംഗത്വമെടുക്കാൻ ചെന്നപ്പോഴുണ്ടായ അനുഭവമാണ് നിക്കി ബാർബിയോട് പറയുന്നത്. 'നിന്റെ ഭാഗ്യമൊന്നു കൊണ്ട് മാത്രമാണ് പ്രവേശന പരീക്ഷ പാസായതെന്ന്' അവളെ മുൻ പരിചയമില്ലാത്ത ഒരു അധ്യാപകൻ പറഞ്ഞെന്ന് നിക്കി പറയുമ്പോൾ 'എങ്കിൽ അയാൾ പറഞ്ഞത് തെറ്റാണെന്ന് നിനക്ക് തെളിയിച്ചു കൊടുക്കാമായിരുന്നല്ലോ'യെന്ന് ബാർബി ചോദിക്കുന്നു.

'പക്ഷേ എപ്പോഴും എല്ലാവരുടെ മുന്നിലും സ്വയം തെളിയിച്ചുകൊണ്ടിരിക്കാൻ എനിക്ക് വയ്യ. തുടക്കം മുതൽ അയാൾ നിന്നെ പിന്തുണയ്ക്കുമായിരുന്നു. എന്നെ ഒരിക്കൽപ്പോലും പിന്തുണച്ചിട്ടില്ല. ഞാൻ കറുത്തവർഗക്കാരിയായതുകൊണ്ടാണ് ആളുകൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്. എന്നെക്കുറിച്ച് ചില തെറ്റിധാരണകൾ അവരുടെ മനസ്സിൽ ഉണ്ടാവുന്നതും അതുകൊണ്ടാണ്.' വീഡിയോയിൽ നിക്കി പറയുന്നു. 'അതായത് വെളുത്തവർക്ക് അവർ നേടിയെടുക്കാത്ത ആനുകൂല്യങ്ങൾ ലഭിക്കുകയും കറുത്തവർക്ക് അവർ അർഹിക്കാത്ത പ്രതികൂലങ്ങളെ നേരിടേണ്ടി വരുകയും ചെയ്യുന്നുവെന്ന് അല്ലേ?' ബാർബി വീഡിയോയിൽ ചോദിക്കുന്നു.

'ബാർബി'യെന്ന യുട്യൂബ് ചാനലിൽ വീഡിയോ വന്നതിന് പിന്നാലെ ട്വിറ്ററിലും ഈ വീഡിയോ ട്രെൻഡിങ്ങായി. നാൽപ്പത് ലക്ഷത്തിലേറെപ്പേരാണ് ട്വിറ്ററിൽ മാത്രം ഈ വീഡിയോ കണ്ടത്. ഇങ്ങനെയൊരു വിഷയം സംസാരിച്ചത് മികച്ച തീരുമാനമാണെന്ന് ചിലർ കുറിച്ചപ്പോൾ നമ്മുടെ കുട്ടികൾ ഇതൊക്കെ കണ്ടാണ് വളരേണ്ടത് എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.

Content Highlights: Barbie talks about racism video goes viral