ശ്രീകൃഷ്ണപുരം/ പാലക്കാട്: രാമായണ മഹാകാവ്യത്തിലെ 32 കഥാസന്ദർഭങ്ങൾ വരയിലൂടെ ആവിഷ്കരിച്ച അമൽ കൃഷ്ണന്റെ രചന ശ്രദ്ധേയമാകുന്നു. ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് അമൽ കൃഷ്ണൻ. ചിത്രപരമ്പരയായാണ് രാമായണത്തിലെ 32 കഥാസന്ദർഭങ്ങൾ ഭാവ തീവ്രതയോടെ ആവിഷ്കരിച്ചിട്ടുള്ളത്.

ഡിജിറ്റൽപുസ്തക രൂപത്തിലും വീഡിയോയായും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീരാമൻ വില്ല് കുലയ്ക്കുന്നത്, സുഗ്രീവൻ-ഹനുമാൻ എന്നിവരോട് സീതാവിരഹം പങ്കുവെക്കൽ, സേതുബന്ധനകാര്യം ചർച്ച തുടങ്ങിയവ വരകളിൽ ജീവസ്സുറ്റ് നിൽക്കുന്നു. കർക്കടകം ഒന്നിന് തുടങ്ങിയ രചന മാസാവസാനം പൂർത്തിയായി.

ഒരുദിവസം ഒരുരംഗം വരയ്ക്കും. അതിനെക്കുറിച്ച് ചിത്രകലാ അധ്യാപകൻ വിബിൻനാഥനുമായി ചർച്ചചെയ്യും. ഇങ്ങനെയാണ് രചന തുടർന്നത്. കുറ്റാനശ്ശേരി വാഴേപുരയ്ക്കൽ വീട്ടിലെ ഗോപാലകൃഷ്ണൻ-സുചിത്ര ദമ്പതിമാരുടെ മകനാണ് അമൽ. പുസ്തകത്തിന്റെ അവതാരിക എഴുതിയത് ചിത്രകാരൻ ബൈജു ദേവ് ആണ്. ചിത്രകലാധ്യാപകൻ വിബിൻനാഥിന്റെ സഹായത്തോടെ ചിത്രങ്ങളെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി.

സ്കൂളിലെ ജയൻ, ശശികുമാർ, സുനിത എന്നിവരുടെ നിർദേശങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടായി. സ്കൂൾ പ്രിൻസിപ്പൽ എം.എസ്.എൻ. സുധാകരൻ, പ്രധാനാധ്യാപിക വിനീത തുടങ്ങിയവർ നവമാധ്യമങ്ങളിൽ പുസ്തകം പ്രകാശനം ചെയ്തു.

Content Highlights: Amal krishna depicts epic ramayana through his drawings