മൃഗങ്ങൾ തമ്മിൽ സൗഹൃദം പ്രകടിപ്പിക്കുന്ന ധാരാളം വീഡിയോദൃശ്യങ്ങൾ നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ഒന്നിച്ച് കളിക്കുന്നതും അപകടങ്ങളിൽനിന്ന് രക്ഷപ്പെടുത്തുന്നതുമൊക്കെയായ പല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നിട്ടുമുണ്ട്. ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് ഒരു പൂച്ചയുടേയും പട്ടിക്കുട്ടിയുടെയും വീഡിയോയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ പ്രവീൺ അങ്കുസാമിയാണ് തന്റെ ട്വിറ്റർപേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ' എന്ന തലക്കെട്ടുമുണ്ട് വീഡിയോയ്ക്കൊപ്പം.
29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു പട്ടിക്കുട്ടി അപ്പുറത്തുള്ള പൂച്ചയുടെ അടുത്തേക്ക് എത്താൻ ശ്രമം നടത്തുന്നു. പട്ടിക്കുട്ടി കമ്പികൾക്കിടയിലൂടെ നുഴഞ്ഞ് അപ്പുറത്തേക്കെത്താൻ വളരെയധികം പ്രയാസപ്പെടുന്നു. മുക്കാൽഭാഗത്തോളം അപ്പുറത്തേക്ക് കടന്നെങ്കിലും ഇടയ്ക്ക് വെച്ച് അതിന്റെ പിൻകാലുകൾ കമ്പികൾക്കിടയിൽ കുടുങ്ങുന്നു. അത്രയും നേരം വെറുതെ നിന്ന പൂച്ച കൂട്ടുകാരനെ സഹായിക്കാൻ മുന്നോട്ട് വരുന്നു. കുടുങ്ങിപ്പോയ നായയുടെ പിൻകാലുകൾ അകത്തേക്ക് കടത്താൻ ശ്രമം നടത്തുന്നു. എങ്ങനെയോ പട്ടിക്കുട്ടി ഉള്ളിലുള്ള പൂച്ചക്കുട്ടിയുടെ അടുത്തെത്തുന്നതായി വീഡിയോയുടെ അവസാനത്തിൽ കാണുന്നു. നായ്ക്കൾ എല്ലായപ്പോഴും തമാശക്കാരാണെന്നും യഥാർഥ കൂട്ടുകാർ എന്നുമൊക്കെ ചില ഉപയോക്താക്കൾ കമന്റ് ചെയ്യുന്നു.
Best friends forever 🙌 pic.twitter.com/oXMc9PiHPD
— Praveen Angusamy, IFS 🐾 (@PraveenIFShere) November 20, 2020
Content highlights :a viral video of the cat rescuing the puppy