അരീക്കോട് / മലപ്പുറം: പഠനം ഓണ്‍ലൈനായി മാറിയതോടെ പഠനപ്രവര്‍ത്തനമേഖലയിലേക്ക് നിഴല്‍നാടകത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി പരീക്ഷണത്തിനൊരുങ്ങുകയാണ് കേന്ദ്ര, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ അരീക്കോട് ജി.എം.യു.പി. സ്‌കൂള്‍ അധ്യാപകന്‍ പ്രശാന്ത് കൊടിയത്തൂര്‍.

പഠനപ്രവര്‍ത്തനങ്ങളെ ആകര്‍ഷകവും ലളിതവുമാക്കാന്‍ പാവനാടകം എന്ന കലാരൂപത്തെ പ്രയോജനപ്പെടുത്തിയത് പരിഗണിച്ചാണ് 2016-ല്‍ സംസ്ഥാന സര്‍ക്കാരും 2017-ല്‍ കേന്ദ്ര സര്‍ക്കാരും ഇദ്ദേഹത്തിന് അധ്യാപക അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സില്‍ നിന്നായിരുന്നു പാവനാടകത്തില്‍ ഇദ്ദേത്തിന് ആദ്യമായി പരിശീലനം ലഭിച്ചത്.

തുടര്‍ന്ന് സിക്കിം, ആസാം, രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഉപരിപഠനം. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ പാവനാടകം വിജയമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് പാവനാടകത്തിന്റെ അവാന്തരവിഭാഗമായ നിഴല്‍നാടകത്തിന്റെ സാധ്യതയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്ന് പ്രശാന്ത് പറഞ്ഞു.

പ്രാചീനമായ പരമ്പരാഗത കലാരൂപമാണ് നിഴല്‍ നാടകം. തോല്‍പ്പാവക്കൂത്ത് എന്നപേരിലും അറിയപ്പെടുന്ന ഈ കലാരൂപം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ദേവീക്ഷേത്രങ്ങളില്‍ അനുഷ്ഠാനമായി അവതരിപ്പിക്കാറുണ്ട്. തിരശ്ശീലയ്ക്കുപിന്നില്‍ കഥാപാത്രങ്ങളുടെ നിഴല്‍വീഴ്ത്തിയാണ് ഇത് അവതരിപ്പിക്കാറുള്ളത്.

സ്‌കൂളിലെ 'മാതൃഭൂമി സീഡ്' പദ്ധതിയുടെ കണ്‍വീനറെന്ന നിലയില്‍ ജൈവവൈവിധ്യ പാര്‍ക്കും പക്ഷിനിരീക്ഷണ കേന്ദ്രവും മറ്റും ഒരുക്കി ശ്രദ്ധേയനായ പ്രശാന്തിന്റെ പ്രഥമ നിഴല്‍നാടകവും കാര്‍ഷികമേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതാണ്. പ്രശാന്ത് തന്നെയാണ് നാടകത്തില്‍ കഥാപാത്രങ്ങളുടെ രൂപകല്പന. 

ശബ്ദം നല്‍കിയതും അവതരണവും ഛായാഗ്രഹണവും നടത്തിയതും തെഞ്ചേരി ജി.എല്‍.പി. സ്‌കൂള്‍ അധ്യാപികയായ ഭാര്യ ശൈലജയാണ്. മക്കളായ നീരജ് പ്രശാന്ത്, കാര്‍ത്തിക് പ്രശാന്ത് എന്നിവരും വിവിധഘട്ടങ്ങളില്‍ പങ്കാളികളായി. യൂട്യൂബിലും മറ്റും ഇതിനകം ശ്രദ്ധിക്കപ്പെട്ട നാടകം സിനിമാതാരം മാമുക്കോയയാണ് റിലീസ് ചെയ്തത്.

Content Highlights: A teacher is using shadow puppetry in online teaching, Education, Kid