ചെന്നൈ: കോവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ നാലുമാസത്തിലേറെയായി തമിഴ്നാട്ടിൽ അധ്യാപകർക്ക് ജോലിയില്ല. ഭൂരിഭാഗം പേരും വീടുകളിൽത്തന്നെയാണ്.

സാധാരണ ജൂണിൽ ക്ലാസ് ആരംഭിക്കുന്നതാണ്. ഇതിപ്പോൾ രണ്ടുമാസം കഴിഞ്ഞു. ആദ്യത്തെ ഒരുമാസം വീട്ടിലിരുന്ന് ശമ്പളം വാങ്ങിയപ്പോൾത്തന്നെ എഴിലരശി ടീച്ചർക്ക് മനസ്സിൽ ഒരു തികട്ടലായിരുന്നു. നഗരപ്രാന്തത്തിൽ പൂനമല്ലിയ്ക്കടുത്ത് പുളിയമ്പേട് ഗ്രാമത്തിലെ സർക്കാർ എൽ.പി. സ്കൂൾ അധ്യാപികയാണ് എഴിലരശി. തനിക്ക് ശമ്പളമുണ്ടെങ്കിലും വിദ്യാർഥികളെ പഠിപ്പിക്കാനാവുന്നില്ലല്ലോ എന്നായിരുന്നു അവരുടെ സങ്കടം.

അങ്ങനെ അവർ മരച്ചുവട് വിദ്യാലയമാക്കി കുട്ടികൾക്ക് വിദ്യ പകർന്നുനൽകാൻ തുടങ്ങി. പുളിയമ്പേട് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളെല്ലാം അതിനടുത്ത ഗ്രാമങ്ങളിൽനിന്നുള്ളവരാണ്. എല്ലാവരും സാധാരണ കുടുംബങ്ങളിൽനിന്നുള്ളവർ. ടി.വി. ചാനൽ പലർക്കും അപ്രാപ്യം. അതിനാൽ സാമൂഹികമായ കർത്തവ്യം ടീച്ചർ നേരിട്ട് എറ്റെടുക്കുകയായിരുന്നു.

ഗ്രാമത്തിലെ ഏതെങ്കിലും മരച്ചുവട്ടിൽ കോവിഡ് മുൻകരുതലുകളെല്ലാം പാലിച്ചാണ് ടീച്ചർ ക്ലാസ് നടത്തുന്നത്. സോപ്പുപയോഗിച്ച് കൈകഴുകി, മുഖാവരണം ധരിച്ച്, ശാരീരിക അകലംപാലിച്ച് വിദ്യാർഥികൾ ക്ലാസിലിരിക്കും. സ്കൂളിലേതുപോലെ ശനിയും ഞായറുമൊഴികെ ആഴ്ചയിൽ അഞ്ചുദിവസവും ക്ലാസുണ്ട്. തമിഴ്, ഇംഗ്ലീഷ്, ഗണിതം എന്നീ മൂന്നുവിഷയങ്ങളാണ് പഠിപ്പിക്കുന്നത്. രണ്ടുമണിക്കൂർ നേരമേ ക്ലാസെടുക്കുകയുള്ളൂ.

ഗൃഹപാഠവും നൽകുന്നുണ്ട്. വെറുതേ വന്നിരുന്ന് പഠിക്കാൻ പറഞ്ഞാൽ കുട്ടികൾ വരില്ലെന്ന് നന്നായറിയാവുന്ന ടീച്ചർ ബിസ്കറ്റ്, മുറുക്ക് തുടങ്ങിയ പലഹാരങ്ങളുമായാണ് ക്ലാസിനെത്തുന്നത്. പുളിയമ്പേടുനിന്നും രണ്ടുകിലോമീറ്റർ അകലെയാണ് എഴിലരശിയുടെ വീട്.

ദിവസവും സ്കൂട്ടറിൽ സഞ്ചരിച്ചാണ് ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർഥികളുടെയടുത്തേക്കുള്ള യാത്ര. കുട്ടികൾ ഉത്സാഹത്തോടെ ക്ലാസിൽ പോകുന്നതിൽ ഗ്രാമവാസികൾക്കും സന്തോഷം.

Content Highlights: A teacher in Tamil Nadu teaching students in rural area during covid period