ചേർത്തല: ഒറ്റരൂപ നോട്ടുകൾ കിട്ടിയാൽ എൽ.പി.സ്കൂൾ അധ്യാപകനായ അർവിന്ദ്കുമാർ പൈ ആദ്യം നോക്കുക അതിലെവിടെയെങ്കിലും ചരിത്രം ഒളിഞ്ഞിരിപ്പുണ്ടോയെന്നാണ്. ഇന്ത്യയുടെയോ കേരളത്തിന്റെയോ ചരിത്രസ്പർശം തിരിച്ചറിഞ്ഞാൽ പൈ ആ നോട്ടുകളെ തന്റെ ആൽബത്തിലേക്ക് മാറ്റും. പിന്നെ, ആ നോട്ടിലെ ആറക്ക സീരിയൽ നമ്പർ പറയുന്ന ചരിത്രം അതിനോട് ചേർത്തുവെക്കും. 150847 എന്നാണ് ആ നമ്പരെങ്കിൽ പൈക്ക് അത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ്. പൈ അതുവായിക്കുക 15 ഓഗസ്റ്റ് 1947 എന്നാവും. ആദ്യം തീയതി, പിന്നെ മാസം, അതുകഴിഞ്ഞ് വർഷത്തിന്റെ അവസാന രണ്ടക്കം. ഒറ്റരൂപ നോട്ടുകളിൽ അദ്ദേഹം ചരിത്രം തിരയുന്നതങ്ങനെയാണ്.

150222 എന്ന നമ്പരിലൂടെ മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി രജിസ്റ്റർ ചെയ്ത 1922 ഫെബ്രുവരി 22 എന്ന ദിവസവും 121136 എന്നതിലൂടെ ക്ഷേത്രപ്രവേശന വിളംബരം നടന്ന 1936 നവംബർ 12 എന്ന ദിനവും 050457 എന്നതിലൂടെ ഒന്നാം ഇ.എം.എസ്. മന്ത്രിസഭ നിലവിൽവന്ന 1957 ഏപ്രിൽ 5 എന്ന ദിവസവും പൈ രേഖപ്പെടുത്തുന്നു.

'വൺ ആൻഡ് ഒൺലി'യെന്ന ഈ ചരിത്രശേഖരം ഒറ്റരൂപ നോട്ടുകൾകൊണ്ട് റെക്കോഡുകൾ ഒന്നൊന്നായി പുതുക്കുകയാണ്. ചേർത്തല ഗവ. ടൗൺ എൽ.പി.സ്കൂളിലെ അധ്യാപകനാണ് നഗരസഭ 34-ാം വാർഡ് പ്രഥമേഷ് മന്ദിറിൽ അർവിന്ദ്കുമാർ പൈ. നാളുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് വിവിധ സീരീസുകളിൽനിന്ന് 'ചരിത്ര'നോട്ടുകൾ തപ്പിയെടുത്തത്. മൂവായിരത്തിലധികം വരുന്ന ശേഖരത്തിൽനിന്ന് 1500 നോട്ടുകളാണ് ഇപ്പോൾ കുറിപ്പുകൾ ചേർത്ത് പ്രത്യേക ആൽബമാക്കിയിരിക്കുന്നത്. ബാക്കി നോട്ടുകളും ഇത്തരത്തിൽ ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

1949-ൽ ആദ്യമായിറങ്ങിയ ഒരുരൂപ നോട്ടുമുതൽ കഴിഞ്ഞ വർഷമിറങ്ങിയ നോട്ടുവരെ ചരിത്രരചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ചരിത്രസംഭവങ്ങളും നാഴികക്കല്ലുകളും വിവിധ മേഖലകളിലെ നേട്ടങ്ങളുമെല്ലാം നോട്ടിലെ നമ്പരുകൾകൊണ്ട് പൈ രേഖപ്പെടുത്തുന്നു.

ഒരുരൂപ നോട്ടുകളുടെ ശേഖരണത്തിന് പൈക്ക് ലിംക, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡുകൾ ലഭിച്ചിട്ടുണ്ട്. അതുംകടന്നാണ് ഇപ്പോൾ നോട്ടുകളെ ചരിത്രവുമായി ബന്ധിപ്പിക്കുന്ന പുതിയ രീതി. ഇതും റെക്കോഡിലേക്ക് നീങ്ങുകയാണ്. കേരളപ്പിറവിയും ഇന്ത്യൻ സ്വാതന്ത്ര്യദിനവും ഇന്ത്യയും കേരളവും പിന്നിട്ട നേട്ടങ്ങളുമെല്ലാം ഇതിലുണ്ട്. മൂന്ന് റെക്കോഡ് പുസ്തകങ്ങളിൽ ഒരേ വർഷം (2015) കയറിക്കൂടിയ ആദ്യ കേരളീയനും ലോകത്തെ ഏറ്റവും മികച്ച 2000 റെക്കോഡ് ജേതാക്കളിൽ ഒരാളുമാണ് അർവിന്ദ്കുമാർ. ഏഷ്യയിലെ ഏറ്റവും കൂടുതൽ ഗാന്ധി സ്റ്റാമ്പുകൾ ശേഖരിച്ച വ്യക്തി എന്ന റെക്കോഡും ഉണ്ട്.

Content Highlights: A school teacher is collecting one rupee note and finding its history, Numismatics