കൊച്ചി: ലോകം ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ഷോൺ ഒപ്പം സഞ്ചരിക്കുകയാണ്. പ്ലസ് ടു പഠനം കഴിഞ്ഞുള്ള സമയം വെറുതേകളയാതെ ഇലക്ട്രിക് ബൈക്കുണ്ടാക്കി മുളവുകാട്ടുകാരുടെ താരമായിരിക്കുകയാണ് ഷോൺ കെ. അംബ്രോസ് എന്ന 17-കാരൻ.

ലൈസൻസില്ലാത്തവർക്ക് ഓടിക്കാനാകുന്ന ഒരു ഇലക്ട്രിക് ബൈക്ക് ഉണ്ടാക്കണമെന്ന ആശയം ഷോണിനുണ്ടായത് ഒരുമാസം മുമ്പാണ്. രണ്ടാഴ്ച മുമ്പ് ഇതിന്റെ പണികൾ ആരംഭിച്ചു.

ബൈക്കിന്റെ രൂപരേഖ ആദ്യം വരച്ചുണ്ടാക്കി. സാങ്കേതികവിവരങ്ങൾക്കായി യൂട്യൂബിന്റെ സഹായവും തേടി. സ്റ്റാർട്ടർ മോട്ടോറും ബാറ്ററിയുമെല്ലാം സ്ക്രാപ്പ് കടകളിൽനിന്ന് ഒപ്പിച്ചു. സൈക്കിളിന്റെ ടയറുകളാണ് ബൈക്കിനായി കടമെടുത്തത്. വാഹനത്തിന്റെ ഫ്രെയിം വെൽഡ് ചെയ്തുണ്ടാക്കുകയും പെയിന്റിങ്ങടക്കം സകല ജോലികളും തനിയെ ചെയ്തുതീർത്തു.

ഞായറാഴ്ച മുളവുകാട് കണ്ടെയ്നർ റോഡിൽ ടെസ്റ്റ് ഡ്രൈവ് വിജയകരമായി പൂർത്തിയാക്കി. നിർമാണത്തിന് 20,000 രൂപയ്ക്ക് താഴെ ചെലവേ വന്നിട്ടുള്ളൂവെന്നും ഷോൺ പറഞ്ഞു. 30 കിലോമീറ്റർ വേഗം വരെ കൈവരിക്കാനാകും. മുക്കാൽ മണിക്കൂർ ഒറ്റ ചാർജിൽ ഓടും. മുളവുകാട് കപ്പാറ വീട്ടിൽ അബ്രോസിന്റെ മകനാണ് ഷോൺ. എസ്.എൻ. എച്ച്.എസ്.എസ്. അയ്യപ്പൻകാവിൽ നിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.

Content Highlights: A plus two student made an electric bike