ലയ്ക്ക് ഭാഷയില്ല, പ്രത്യേകിച്ചും സംഗീതത്തിന്. ഭാഷയേതായാലും സ്വരമാധുരിയുള്ള സംഗീതം നമ്മുടെ മനസ്സിനെ സ്പർശിക്കും. സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ദേവികയുടെ പാട്ടുതന്നെ അതിനുദാഹരണം. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയായ ദേവിക, ഹിമാചലി ഭാഷയിലുള്ള നാടൻപാട്ട് പാടിയാണ് സംഗീതാസ്വാദകരുടെ മനംകവർന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളേയും സംസ്കാരങ്ങളേയും ഏകോപിപ്പിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ദേവികയുടെ ഗാനാലാപം. വളരെ ലാളിത്യത്തോടെയും സ്വരമാധുരിയോടെയും ഗാനമാനപിക്കുന്ന ദേവികയെ 2 മിനിറ്റ് 31 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.

പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോ പതിനായിരക്കണക്കിന് പേരാണ് കണ്ടത്. ഗാനത്തിന് താഴെ നിരവധിപ്പേരാണ് കമെന്റുകളുമായെത്തിയത്. മലയാളിയായിട്ട് കൂടിയും ദേവികയുടെ പാട്ടിൽ ഉച്ചാരണപ്പിശക് കണ്ടെത്താനാവുന്നില്ലെന്ന് ഹിമാചൽ സ്വദേശികൾതന്നെ കുറിച്ചു. മികച്ച ഭാവിയുള്ള കുട്ടിയെന്നും ഇനിയും ദേവികയുടെ പാട്ടുകൾ കേൾക്കാനാഗ്രഹിക്കുന്നുവെന്നെല്ലാമാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന പ്രതികരണങ്ങൾ.

Content Highlights: A ninth standard student devika from kv pattom sings himachali folk song