ദിവസവും നമ്മൾ പല ആകൃതിയിലും സ്വഭാവത്തിലുമുള്ള ജീവികളെ കാണാറുണ്ട്. തറയിലൂടെ അരിച്ചുനടക്കുന്ന ചെറിയ പ്രാണികൾ ധാരാളമാണ്. അവയിൽ എല്ലാത്തിനേയും നമ്മൾ ശ്രദ്ധിക്കാറുണ്ടാകില്ല. എന്നാൽ ഇനി പറയാൻ പോകുന്ന ജീവിയെ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. കാരണം അതിന്റെ ആകൃതി തന്നെ. കാഴ്ചയിൽ ചെറിയ പാമ്പിനെപ്പോലെയോ മണ്ണിരയെപ്പോലെയോ തോന്നിപ്പിക്കും. ആ ജീവിയുടെ തലയാണെങ്കിൽ ചുറ്റികപോലെ വീതിയുള്ളതാണ്. കാഴ്ചയിൽ നിരുപദ്രവകാരികളാണെന്ന് തോന്നുമെങ്കിലും മണ്ണിരകൾക്ക് ഭീഷണിയാകുന്നുണ്ട് ഈ പുഴുക്കൾ.
ഇരപിടിയന്മാരായ പരന്ന പുഴുക്കളുടെ കൂട്ടത്തിൽപെട്ട ഒരു ജനുസാണ് ഈ ചുറ്റികത്തലയൻപുഴു. ബൈപാലിയം (Bipalium) ന്നാണ് ഇതിനെ വിളിക്കുന്നത്. മലയാളത്തിൽ ഇത് പല പേരുകളിൽ അറിയപ്പെടുന്നു. താപാമ്പ്, ചട്ടുകത്തലയൻ എന്നൊക്കെ. ഇവയുടെ ശരീരത്തിൽ ചെറിയ രീതിയിൽ വിഷമുണ്ട്. ടെട്രോഡോക്സിന്റെ അളവ് ചെറിയ രീതിയിൽ അടങ്ങിയിട്ടുണ്ടെങ്കിലും അത് മനുഷ്യന് ഭീഷണിയുണ്ടാക്കുന്നില്ല. മണ്ണിരയെ ഭക്ഷിക്കാനുള്ള ശേഷിയേ വിഷത്തിനുള്ളൂ. ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ഇവ പ്രധാനമായും ഇരയാക്കുന്നത് മണ്ണിരയെയാണ്. പിന്നെ കക്ക, ചിപ്പി തുടങ്ങിയ മോളസ്കുകളെയും.
ചുറ്റികത്തലയൻ പുഴുക്കൾ ഇരകളെ ഭക്ഷിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. ശരീരത്തിലെ പേശികളും പശിമയുള്ള സ്രവങ്ങളും ഉപയോഗിച്ച് ഇരയെ നിയന്ത്രണത്തിലാക്കുന്നു. ഇവയുടെ നടുഭാഗത്താണ് വായ ഉള്ളത്. എൻസൈമുകൾ പുറപ്പെടുവിച്ച് ഇരയുടെ ശരീരത്തെ ആദ്യം ദഹിപ്പിക്കുന്നു. ദ്രാവകരൂപത്തിലായ ഭക്ഷണം സിലിയ ചലനം വഴി അകത്തേക്ക് ഇറക്കുന്നു. എല്ലാം ശരിയാകാൻ അരമണിക്കൂർ മതി. പിന്നെ കുറേ ദിവസത്തേക്ക് ഭക്ഷണമില്ലെങ്കിലും ഒരു പ്രശ്നവുമില്ല. മണ്ണിരയെ ഭക്ഷണമാക്കുന്നതുകൊണ്ടാണ് ഇവ മനുഷ്യന്റെ മുഖ്യശത്രുവായിത്തീർന്നത്.
5 സന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ വലിപ്പം വെക്കാറുണ്ട് ഇവ. തവിട്ട്, സ്വർണം, പച്ച തുടങ്ങിയ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കൂടുതൽ ഈർപ്പം ആവശ്യമുള്ളതിനാൽ ഇവ രാത്രിയിലാണ് കൂടുതലായി കാണപ്പെടുന്നത്. തണുപ്പുള്ളതും നനഞ്ഞതുമായ ഭാഗങ്ങളിലാണ് ഇവയെ കാണുന്നത്. പാറകൾക്കിടയിലോ കുറ്റിച്ചെടികളിലോ ഇവ നിലയുറപ്പിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ഭീഷണിയായി ഇവ മാറുന്നുണ്ട്.
Content highlights :a hammerhead flatworm with poisonous and threatened in earthworm