കളമശ്ശേരി: പത്താം ക്ലാസുകാരി അഥീൻ എലിസബത്ത് ജോളിയുടെ കുഞ്ഞുമനസ്സിൽ ഇതേ വരെ വിരിഞ്ഞത് നൂറോളം ഇംഗ്ലീഷ് കവിതകൾ... നാലാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിത്തുടങ്ങിയതാണ് അഥീൻ. കഥകളിലും കവിതകളിലുമായിരുന്നു താത്‌പര്യം. എന്നാൽ, പിന്നീട് ചിന്തകൾ കവിതകൾക്കു വേണ്ടി മാത്രമായി.

പൂക്കളിലും മരങ്ങളിലും നിറങ്ങളിലും മെഴുകുതിരിയിലും ഭയത്തിലുമെല്ലാം കവിതകൾ ഒളിച്ചിരിക്കുന്നത് അവൾ കണ്ടു. മരവും മനുഷ്യനെപ്പോലെ തന്നെയാണെന്ന് അവൾ എഴുതി. ഇതുവരെ നൂറിലേറെ കവിതകൾ എഴുതിത്തീർത്തു. ഇതിൽ 88-ഓളം കവിതകൾ ഉൾപ്പെടുത്തി 'ദി യൂണികോൺ ഓഫ് മൈ ഡ്രീംസ്' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചു.

ഇന്ത്യയിലും വിദേശ മാസികകളിലും ഇതിനകം തന്നെ അഥീന്റെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുളന്തുരുത്തി ചക്രവേലിൽ ജോളി വർഗീസിന്റെയും പുതുപ്പള്ളി കടുപ്പിൽ എലിസബത്ത് നൈനാന്റെയും രണ്ടുമക്കളിൽ ഇളയവളാണ് അഥീൻ. കളമശ്ശേരി സെയ്ന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണിപ്പോൾ.

കവിതയുമായി ബന്ധപ്പെട്ട ഒരു പുസ്തകം പോലും അഥീന്റെ വീട്ടിലുണ്ടായിരുന്നില്ല. കവിത എഴുതാൻ വേണ്ടി പ്രത്യേക സമയമൊന്നുമില്ല. മിക്കപ്പോഴും സ്കൂളിൽനിന്ന് വീട്ടിലെത്തിയാലുടൻ അഥീൻ എഴുത്തു തുടങ്ങും.

15 മിനിറ്റിൽ 20 വരി കവിത എഴുതും. സ്കൂളിലെ കൂട്ടുകാർക്കാർക്കുപോലും അഥീൻ കവിത എഴുതുന്ന കാര്യം അറിയില്ലായിരുന്നു. കവിതാ പുസ്തകം സ്കൂളിൽ കൊണ്ടുചെന്നപ്പോഴാണ് കൂട്ടുകാരി കവിത എഴുതുന്നവളാണെന്ന വിവരം കൂട്ടുകാരികൾ അറിഞ്ഞത്.

Content Highlights: A girl in Class 10 write English poems just in 15 Minutes