കോവിഡ് രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിനിടെ നിങ്ങളുടെ അടുത്തേക്ക് സാധനങ്ങളെത്തിക്കാൻ ഡെലിവറി ബോയ് ആയി ഒരു നായയാണ് വരുന്നതെങ്കിലോ? പഴയ ഏതോ ഹോളിവുഡ് ചിത്രത്തിലെ കഥയാണ് പറയുന്നതെന്ന് കരുതിയെങ്കിൽ തെറ്റി.

കൊളംബിയയിലെ ഇറോസ് എന്ന നായയാണ് ഈ മഹാമാരിക്കാലത്ത് സ്വന്തം ഉടമയെ സഹായിക്കാനായി ഡെലിവറി ബോയിയുടെ വേഷം കെട്ടിയിരിക്കുന്നത്. മേൽവിലാസം എഴുതാനോ വായിക്കാനോ അറിയാത്ത ഈ നായ എങ്ങനെ സാധനങ്ങൾ കൃത്യ സ്ഥലത്തെത്തിക്കുന്നെന്നാണോ?

ഇറോസിന്റെ ഉടമയായ മരിയാ ബൊട്ടേറോ 'എൽ-പോർവെനീർ' എന്ന മിനി മാർക്കറ്റ് ആരംഭിച്ചിട്ട് നാലു വർഷമാകുന്നു. ഈ നാലുവർഷത്തിനിടെ കടയിൽ നിന്ന് സാധനം ഓർഡർ ചെയ്യുന്ന സ്ഥിരം ഉപഭോക്താക്കളുടെ വീട്ടിലേക്ക് ഡെലിവറിക്കായി മറ്റുള്ളവർക്കൊപ്പം ഇറോസും പോകുമായിരുന്നു. അങ്ങനെ അവരിൽ പലരുടേയും പേരുകൾ അവനു മനപ്പാഠമായി.

നിലവിൽ അഞ്ചോ ആറോ സ്ഥിരം ഉപഭോക്താക്കളുടെ പേരുകളും മേൽവിലാസവും ഇറോസിനറിയാം. അവർ ഓർഡർ ചെയ്യുന്ന സാധനങ്ങളും അതിന്റെ ബില്ലും ഒരു കൂടയിലാക്കി ഇറോസിനെ ഏൽപ്പിക്കും. കൃത്യമായ മേൽവിലാസത്തിൽ സാധനമെത്തിച്ച ശേഷം അവർ നൽകുന്ന ഭക്ഷണവും കഴിച്ച് തലോടലും ഏറ്റുവാങ്ങി അവൻ തിരികെയെത്തും. സാധനമെത്തിയാലുടൻ മരിയയുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി പണമെത്തും.

'ഈ കോവിഡ് കാലത്തും സാമൂഹികാകലം പാലിക്കാൻ അവൻ നിമിത്തം ഞങ്ങൾക്കാകുന്നുണ്ട്. സാധനങ്ങൾ എത്തിക്കാൻ ഒരു നായ വരുന്നത് ഉപഭോക്താക്കൾക്കും സന്തോഷം നൽകുന്നുണ്ട്.' റോസിന്റെ ഉടമയായ മരിയ ബോട്ടേറോ പറയുന്നു. മരിയയുടെ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട ഇറോസിനെ കുടുംബം ദത്തെടുത്തത്.

ആദ്യം ആർക്കും അവനോട് വലിയ താൽപ്പര്യമില്ലായിരുന്നെങ്കിലും ഇപ്പോൾ അവൻ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണെന്ന് മരിയ പറയുന്നു. യജമാനനെ സേവിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത ജീവികളാണ് വളർത്തുനായകൾ. ഈ കോവിഡ് മഹാമാരിക്കാലത്തും അവയത് തുടരുന്നുണ്ടെന്നതിന് ഉത്തമ ഉദാഹരണമാണ് ഇറോസെന്ന നായ.

Content Highlights: A dog becomes delivery boy during this Pandemic