എല്ലാവർക്കും ഇഷ്ടമുള്ള ഒരു പക്ഷിയാണ് തത്ത. പലനിറത്തിൽ കാണപ്പെടുന്ന ഭംഗിയുള്ള ഇവ നമ്മുടെ വീടിനടുത്തെല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. തത്തകളുടെ കൂട്ടത്തിൽ തന്നെ പലനിറത്തിലും വലുപ്പത്തിലുമുള്ളവ ഉണ്ട്. കൊക്കാറ്റൂ (Cockatoo) എന്ന് കേട്ടിട്ടുണ്ടോ ? കക്കാറ്റിയുഡേ (Cacatuidae) കുടുംബത്തിൽ നിന്നുള്ള തത്തകളുടെ 21 ഇനങ്ങളിൽ ഒന്നാണ് കൊക്കാറ്റൂ. ഇവയുടെ കൂട്ടത്തിലുള്ള ഏറ്റവും വലുതിനെ വിളിക്കുന്നത് പാം കൊക്കാറ്റൂ (Palm cockatoo) എന്നാണ്. ഗോലിയാത്ത് കൊക്കാറ്റൂ, ഗ്രേറ്റ് ബ്ലാക് കൊക്കാറ്റൂ എന്നുമൊക്കെ ഇതിന് പേരുണ്ട്.
ഇവ പ്രധാനമായും കാണപ്പെടുന്നത് നോർത്തേൺ ക്വീൻസ്ലാൻഡ്, ഓസ്ട്രേലിയ, ന്യൂ ഗിനിയ എന്നിവിടങ്ങളിലാണ്. കറുത്ത വലിയ കൊക്കുകളും തലയുടെ മുകളിലുള്ള വലിയ തൂവലുകളും ഇവയ്ക്ക് പ്രത്യേകമായ ഒരു ഭംഗി നൽകുന്നു. പാം കൊക്കാറ്റൂവിന്റെ കൊക്കിന് 3.5 ഇഞ്ച് വരെ നീളമുണ്ടാകും. ശക്തമായ കൊക്കുകൾ ഉപയോഗിച്ച് വലിയ പഴങ്ങളും വിത്തുകളും നട്സുമെല്ലാം കഴിക്കാൻ എളുപ്പം സാധിക്കുന്നു.
ഈ പക്ഷിയുടെ മറ്റൊരു പ്രത്യേകത തന്റെ സ്ഥലം അടയാളപ്പെടുത്താനായി ഇവ കാലിൽ വടി പിടിച്ച് പൊള്ളയായ മരത്തിൽ അടിച്ച് ശബ്ദമുണ്ടാക്കുന്നു. Drumming എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവയുടെ ഡ്രമ്മിംഗ് 100 മീറ്റർ അകലെ വരെ എത്തുന്നു. പാം കൊക്കാറ്റൂകൾ 60 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു. ഇണയെ ആകർഷിക്കാൻ വേണ്ടിയും ഇത്തരം ശബ്ദങ്ങൾ ഇവ പുറപ്പെടുവിക്കുന്നു.
Content highlights :a curious species of cockatoo name palm cockatoo doing drumming