ദേഹം നിറയെ മുള്ളുകൾ ആയതുകൊണ്ട് ഒറ്റനോട്ടത്തിൽ മുള്ളൻപന്നിയാണെന്നേ തോന്നൂ. പക്ഷേ അല്ല, ഈ വിചിത്രജീവിയുടെ പേര് എക്കിഡ്ന എന്നാണ്. എക്കിഡ്നയുടെ കുഞ്ഞിനെ കണ്ടിട്ടുണ്ടോ ? ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ടരോങ്ക മൃഗശാലയിൽ ഒരു എക്കിഡ്നക്കുഞ്ഞ് ഇപ്പോൾ പിറവിയെടുത്തിട്ടുണ്ട്. മൃഗശാലയിലെ ഗുൻയി എന്ന പെൺ എക്കിഡ്നയുടേതാണ് ഈ കുഞ്ഞ്. മൃഗശാലയുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് എക്കിഡ്നക്കുഞ്ഞിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

വളരെ കൗതുകം ജനിപ്പിക്കുന്നതാണ് ഈ എക്കിഡ്നക്കുഞ്ഞ്. മൃഗശാലയിൽ ഇതുവരെ ജനിച്ച എക്കിഡ്നക്കുഞ്ഞുകളിൽ പത്താമത്തെ കുഞ്ഞാണിത്. ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ട് കുഞ്ഞിന് പേരിട്ടിട്ടില്ല. ഏഴ് മാസം പ്രായമുള്ള എക്കിഡ്നക്കുഞ്ഞിന് 1.7 കിലോഗ്രാം ഭാരമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

എക്കിഡ്നയുടെ കുഞ്ഞിനെ പഗിൾ എന്നാണ് വിളിക്കുന്നത്. ഓസ്ട്രേലിയയാണ് എക്കിഡ്നയുടെ ജന്മദേശം. സസ്തനികളുടെ കൂട്ടത്തിലാണ് എക്കിഡ്ന പെടുന്നത്. അങ്ങനെയാണെങ്കിലും എക്കിഡ്നകൾ പ്രസവിക്കില്ല, പിന്നെയോ ? മുട്ടയിടും. മുട്ടയിടുകയും മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന സസ്തനികളുടെ കൂട്ടത്തിലാണ് എക്കിഡ്നയുള്ളത്. മോണോട്രീം എന്നാണ് ശാസ്ത്രജ്ഞർ ഇക്കൂട്ടരെ വിളിക്കുന്നത്.

echidna puggle

സസ്തനിവർഗം ഭൂമിയിൽ ഉണ്ടാകുന്നതിനുമുമ്പേ ജീവിച്ചിരുന്നവയാണ് ഇക്കൂട്ടർ. അതും 15 കോടി വർഷങ്ങൾക്ക് മുമ്പ്. ഭൂമിയിൽ ഈ വിഭാഗത്തിൽപെടുന്ന രണ്ടേ രണ്ട് കൂട്ടരേയുള്ളൂ : ഒന്ന് നമുക്കെല്ലാം അറിയുന്ന എക്കിഡ്ന തന്നെ. മറ്റൊന്ന് പ്ലാറ്റിപ്പസ് ആണ്. എക്കിഡ്നകൾ ഒരു സമയം ഒരു മുട്ട മാത്രമേ ഇടൂ. ഇവയുടെ ശരീരത്തിൽ ഒരുതരം സഞ്ചിയുണ്ട്. മുട്ടയിടാറാകുന്ന കാലത്താണ് ആ സഞ്ചി രൂപപ്പെടാറുള്ളത്. സഞ്ചി റെഡിയായിക്കഴിഞ്ഞാൽ മുട്ട അതിൽവെച്ച് വിരിയിക്കും. നല്ല പതുപതുത്ത മുട്ടത്തോട് പൊട്ടി കുഞ്ഞ് പുറത്തുവരാൻ പത്തു ദിവസമേ വേണ്ടൂ.

എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും എക്കിഡ്നകൾക്ക് വംശനാശം സംഭവിക്കാതിരുന്നത് ? മണ്ണ് തുരക്കുന്നതിൽ വിദഗ്ധരായതുകൊണ്ടു തന്നെ! ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ ഇവർ മണ്ണ് തുരന്ന് മാളമുണ്ടാക്കി അതിൽ ഒളിക്കും. ഉറുമ്പുകളാണ് പ്രധാന ഭക്ഷണമെങ്കിലും കുഞ്ഞുവായിലൂടെ കേറുന്ന എന്തും ഇവ ഭക്ഷണമാക്കും. ശത്രു വന്നാൽ പന്ത് പോലെ ഉരുളാനും എക്കിഡ്നകൾക്ക് കഴിയും!

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taronga Zoo (@tarongazoo)

Content highlights :a curious echidna puggle born in sydney taronga zoo video