കൊടുവള്ളി/ കോഴിക്കോട്: വായനയെ സ്നേഹിക്കുന്നവർക്കായി സ്വന്തംവീട്ടിൽ ലൈബ്രറി ഒരുക്കിയിരിക്കുകയാണ് ഹുദാ തസ്നീം എന്ന വിദ്യാർഥിനി. കൊടുവള്ളി നഗരസഭയിലെ പ്രവിൽ ഡിവിഷനിലെ പാടിപ്പറ്റ എന്ന വീട്ടിലാണ് പ്രോവിഡൻസ് കോളേജ് രണ്ടാംവർഷ ഫിസിക്സ് വിദ്യാർഥിനിയായ ഹുദ തസ്നീം ലൈബ്രറി ഒരുക്കിയിരിക്കുന്നത്.

കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് വൊളന്റിയർ കൂടിയാണ് ഹുദാ തസ്നീം. പിതാവ് റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ എം.ടി. അബ്ദുൽ മജീദും മാതാവ് റഹ്മാനിയ വികലാംഗ വിദ്യാലയം അധ്യാപികയായ സാലിഹാ ബീവിയും മകൾക്ക് പൂർണ പിന്തുണയുമായി സഹായത്തിനുണ്ട്.

കോവിഡ് ലോക്ഡൗൺ കാലം വായനാനുഭവങ്ങളാൽ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'പീസ് നെസ്റ്റ് അയൽക്കൂട്ടം' ലൈബ്രറി തുടങ്ങിയത്.

'കോവിഡ് കാലത്ത് വെറുതേ വീട്ടിലിരുന്ന് സമയം ചെലവഴിക്കുന്നതിനു പകരം അറിവും മനസ്സിന് സംതൃപ്തിയും നൽകാൻ വായനയിലൂടെ സാധിക്കും', ഹുദാ തസ്നീം പറയുന്നു. വീട്ടിൽ ഒതുങ്ങിക്കഴിയുന്ന പലരും ഇന്ന് വായനശീലം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇത്തരക്കാരെ വായനയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് ഈ അയൽക്കൂട്ട ലൈബ്രറിയെന്നാണ് ഹുദയുടെ പക്ഷം.

നോവൽ, കഥകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി മുന്നൂറിൽപ്പരം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ പുസ്തകങ്ങൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. വീട്ടുമുറിയിൽ ഷെൽഫിലാണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഹുദാ തസ്നീം തന്നെയാണ് ലൈബ്രേറിയൻ.

ഫോൺ കോളിലൂടെയും നേരിട്ടും പുസ്തകങ്ങൾ ആവശ്യക്കാർക്ക് ലൈബ്രറിയിലൂടെ ലഭ്യമാക്കും. അയൽക്കാരിൽനിന്ന് നല്ല പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും തുടക്കത്തിൽത്തന്നെ 25-ൽപ്പരം ആളുകൾ ലൈബ്രറിയിൽ ചേർന്നതായും ഹുദാ തസ്നീം പറഞ്ഞു.

ലൈബ്രറിയുടെ ഉദ്ഘാടനം കൊടുവള്ളി നഗരസഭാ കൗൺസിലർ എം.പി. ഷംസുദ്ദീൻ ആദ്യ വരിക്കാരി ജസ്ലാ ഷെറിന് പുസ്തകം കൈമാറി നിർവഹിച്ചു. മൊയ്തീൻകുട്ടി പറമ്പത്താലത്ത്, എ.സി. മുഹമ്മദ് കോയ, ജസീറ ആട്ട്യേരി, ഷഹനാസ് പാടിപ്പറ്റ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Content Highlights: A college student creates library for encouraging reading habits