മലപ്പുറം: പാതാള പൂന്താരകനെന്ന അപൂര്‍വ്വയിനം ഭൂഗര്‍ഭ മല്‍സ്യത്തെ കണ്ടെത്തി 17-കാരന്‍. പ്ലസ്ടു വിദ്യാര്‍ഥിയായ പാടത്തുംപീടിയില്‍ സഫ്‌വാനാണ് കോട്ടയ്ക്കല്‍ ഇന്ത്യനൂരിലെ തന്റെ വീടിനു സമീപമുള്ള കുളത്തില്‍ നിന്ന് ഈ മല്‍സ്യത്തെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് കുന്നമംഗലത്തിനടുത്തുള്ള ചെരിഞ്ചാലിലാണ് പാഞ്ചിയോ ഭുജിയ (Pangio bhujia) എന്ന ശാസ്ത്രനാമമുള്ള ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുന്നത്. ആ മത്സ്യവുമായുള്ള സാമ്യം മനസിലാക്കിയ സഫ്‌വാന്‍, മല്‍സ്യത്തെ ആദ്യമായി കണ്ടെത്തിയ കേരള ഫിഷറീസ് സര്‍വ്വകലാശാലയിലെ ഗവേഷകരുമായി ബന്ധപ്പെടുകയായിരുന്നു. 

കേരളത്തില്‍ മാത്രം കണ്ടുവരുന്ന തനതു മല്‍സ്യവര്‍ഗമായ ഇവയ്ക്ക് 25 മില്ലീമീറ്റര്‍ മാത്രമാണ് വലിപ്പം. മറ്റ് മല്‍സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സുതാര്യമായ ശരീരമുള്ള ഇവയുടെ തൊലിക്കുള്ളിലൂടെ ആന്തരിക അവയവങ്ങള്‍ കാണാം. പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാത്ത കണ്ണുകളാണ് ഇവക്കുള്ളത്. നീളമേറിയ മീശകളുപയോഗിച്ച് ഇരപിടിക്കാനും വെള്ളത്തിലെ മറ്റ് ചലനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും ഇവയ്ക്ക് സാധിക്കും. 

പശ്ചിമഘട്ടത്തിനും തീരരദേശത്തിനും ഇടക്കുള്ള ചെങ്കല്‍  പ്രദേശങ്ങളിലെ ഉറവ്ചാലുകളാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം. കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി മല്‍സ്യത്തെ ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തില്‍ സംഘം കേരള ഫിഷറീസ് സര്‍വകലാശാലയിലേക്ക് കൊണ്ടുപോയി. ഈ മല്‍സ്യങ്ങളെപ്പറ്റി അറിയുവാനും, പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുവാനും 9400059926 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

Content Highlights: A 17-year old found new under ground fish species Pangio bhujia