പുരാവസ്തുക്കളാണെന്നു തെറ്റിദ്ധരിപ്പിച്ച് സാധനങ്ങള്‍ വിറ്റ് കോടികള്‍ സമ്പാദിച്ച മോന്‍സന്‍ മാവുങ്കലിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കണ്ടിരിക്കുമല്ലോ. പണ്ടു മുതല്‍ക്കു തന്നെ ഇത്തരം കുപ്രസിദ്ധ തട്ടിപ്പുകഥകള്‍ ഉണ്ട്.
 
ഈഫല്‍ടവര്‍ ഇരുമ്പു വിലയ്ക്ക്
 
ഓസ്ട്രിയക്കാരനായ വിക്ടര്‍ ലസ്റ്റിഗ് എന്ന സൂത്രശാലിയാണ് ഈ കഥയിലെ നായകനും വില്ലനും. ഒരു ഹോട്ടലില്‍ വിക്ടര്‍ പ്രഭു എന്ന കള്ളപ്പേരില്‍ കഴിഞ്ഞുകൂടവെ, വിക്ടര്‍ യാദൃച്ഛികമായി ഒരു പത്രവാര്‍ത്ത കണ്ടു.
 
'ഈഫല്‍ ഗോപുരത്തിന്റെ ബലവും ഉറപ്പും ദിനേനയെന്നോണം കുറഞ്ഞുവരുകയാണ്. ദിനംപ്രതി ആയിര ക്കണക്കിന് സഞ്ചാരികളാണ് ഗോവണിയും ലിഫ്റ്റ് വഴിയും കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. അതിനാല്‍ വിശദമായൊരു പുതുക്കിപ്പണി ആവശ്യമാണ്. അധികൃതര്‍ ശ്രദ്ധിക്കുക' എന്നിങ്ങനെയായിരുന്നു പത്രത്തില്‍ ഏതോ വായനക്കാരന്റെ നിര്‍ദേശം.
 
കോട്ടും സ്യൂട്ടും ഇട്ട കള്ളന്‍
 
'വല്ലഭന് പുല്ലുമായുധം' എന്നാണല്ലോ പഴമൊഴി. വിക്ടര്‍ തലപുകഞ്ഞാലോചന തുടങ്ങി. വൈകാതെ കുറച്ചു 'ചില്ലറ' തടയുന്ന തന്ത്രം മെനഞ്ഞെടുക്കുകയും ചെയ്തു. അന്നുതന്നെ ഇഷ്ടന്‍ ഹോട്ടലിലെ വി.ഐ.പി സ്യൂട്ടിലേക്ക് താമസം മാറ്റി. വില കൂടിയ കോട്ടും സ്യൂട്ടും വ്രജാഭരണങ്ങളുമൊക്കെയായി ശരിക്കുമൊരു കോടീശ്വരന്റെ മട്ടില്‍ തന്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. എന്നിട്ട് പാരീസിലെ പ്രമുഖ ഇരുമ്പുവ്യാപാരികളില്‍ ചിലരെ ഹോട്ടലിലെ തന്റെ സ്യൂട്ടിലേക്ക് വിളിച്ചുവരുത്തി.
 
victor lustig

വിക്ടര്‍ ലസ്റ്റിഗ് (നടുവില്‍) പോലീസ് വിചാരണയ്ക്കിടെ
വിക്ടറിന്റെ കെണി
 
വിക്ടര്‍ തന്റെ പദ്ധതി വിവരിച്ചു. 'വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക രഹസ്യം പറയാനാണ് നിങ്ങളെ വിളിപ്പിച്ചത്. രാജ്യത്തിന്റെ ഔദ്യോഗിക കാര്യമായതിനാല്‍ സംഗതി പുറത്തറിയാനും പാടില്ല. നിങ്ങളിലുള്ള വിശ്വാസം സര്‍ക്കാറിന് നേരത്തേ ബോധ്യമായിട്ടുണ്ട്.' അതോടെ, ഇരുമ്പുവ്യാപാരികള്‍ വിക്ടറിന്റെ കെണിയില്‍ വീണു. കാരണം തങ്ങള്‍ വിശ്വസ്തരാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണല്ലോ.
 
ഈഫല്‍ ടവര്‍ ഇരുമ്പുവിലയ്ക്ക് പൊളിച്ചുവില്‍ക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് വിക്ടര്‍ അവതരിപ്പിച്ചത്. അങ്ങനെ വ്യാപാരികളില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തയാളെ കരാര്‍ ഏല്പിച്ചു. എന്നിട്ട് വിക്ടറും പ്രൈവറ്റ് സെക്രട്ടറിയും രായ്ക്കുരാമാനം കിട്ടിയ കാശുമായി സ്ഥലം കാലിയാക്കി. ലേലം ഏറ്റ വ്യാപാരി, ഗോപുരം പൊളിക്കാന്‍ ആള്‍ക്കാരും വാഹനവുമായി വന്നപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നത്. പിന്നീട് പലതവണ പോലീസ് പിടിയിലായ വിക്ടര്‍ ഒടുവില്‍ ജയിലില്‍ വച്ചാണ് അന്തരിച്ചത്. 
 
eiffel tower
ഈഫല്‍ ടവര്‍
ആര്‍തര്‍ ഇന്റര്‍നാഷണല്‍
 
വിക്ടര്‍, ഈഫല്‍ ടവറാണ് വില്‍ക്കാന്‍ ശ്രമിച്ചതെങ്കില്‍ ആര്‍തര്‍ ഫെര്‍ഗൂസന്‍ എന്നൊരു വിരുതന്‍ ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും പല പ്രധാനപ്പെട്ട പ്രതിമകളും സ്മാരകങ്ങളും വില്‍പ്പന നടത്താന്‍ ശ്രമിച്ചയാളാണ്. സ്‌കോട്ട്‌ലന്‍ഡ് ആണ് ഇയാളുടെ സ്വദേശം. ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കൊട്ടാരമായ ബക്കിങ്ഹാം പാലസ്, ബിഗ്‌ബെന്‍ എന്ന മണി, അഡ്മിറല്‍ നെല്‍സണിന്റെ സ്മാരകമായ നെല്‍സണ്‍ സ്‌ക്വയര്‍ തുടങ്ങിയവയൊക്കെയായിരുന്നു ആര്‍തറുടെ കച്ചവടച്ചരക്കുകള്‍.
 
ഇതൊക്കെ  അയാള്‍ വിറ്റു എന്നറിയുമ്പോള്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും. എങ്ങനെയാണ് തസ്‌കരവീരന്‍ ഇത്തരം വേലകള്‍ ഒപ്പിക്കുന്നതെന്നല്ലേ, പറയാം:
 
കൊട്ടാരവും സ്മാരകമന്ദിരവുമൊക്കെ കാണാനും ക്യാമറയിലാക്കാനും വരുന്ന വിദേശ സഞ്ചാരികളാണ് എന്നും ആര്‍തറുടെ ഇരകള്‍. ഇത്തരം സ്ഥാപനങ്ങളുടെ സമീപത്ത് മാന്യമായി വസ്ത്രധാരണം ചെയ്ത് ആര്‍തര്‍ നില്‍ക്കുന്നുണ്ടാവും. സ്ഥാപനങ്ങളുടെ മേല്‍നോട്ടക്കാരന്‍ എന്ന മട്ടിലായിരിക്കും നില്‍പ്പും ഭാവവുമെല്ലാം. അത് മനസ്സിലാക്കിയ സഞ്ചാരികള്‍ അവയെപ്പറ്റിയുള്ള വിവരങ്ങള്‍ ആര്‍തറില്‍ നിന്ന് ചോദിച്ചറിയും. അപ്പോഴായിരിക്കും ആര്‍തര്‍ തന്റെ ബുദ്ധി ശരിക്കും പ്രയോഗിക്കുന്നത്.
രാജ്യം ഒരു ആഭ്യന്തര പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണെന്നും സാമ്പത്തികമാന്ദ്യം തരണം ചെയ്യാന്‍ രാജ്യത്തിന് അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങളും മറ്റും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും താനാണ് ആ വകുപ്പിന്റെ മേധാവിയെന്നുമൊക്കെ വളരെ തന്മയത്വത്തോടെ അയാള്‍ സഞ്ചാരികളെ വിശ്വസിപ്പിക്കും. കൈ നിറയെ പണവുമായി വരുന്ന സഞ്ചാരികള്‍ ഒരു നിമിഷം ആലോചനയിലാണ്ടുനില്‍ക്കും. ആ നേരം, അത്ര താല്‍പര്യമില്ലാത്തപോലെ സ്മാരകം തൊട്ടുതലോടി, പൊടിതട്ടി നില്‍ക്കുന്ന ആര്‍തറോട് അവര്‍ വില അന്വേഷിക്കും. ആര്‍തര്‍ വില പറയും. അപ്പോള്‍ തന്നെ പണവും നല്‍കി, സഞ്ചാരികള്‍ സ്തൂപം വലിച്ചിളക്കാന്‍ ബ്രിട്ടനിലെ ഒരു ഏജന്‍സിക്കുള്ള കത്തും വാങ്ങി അവിടം വിടും.
 
അങ്ങനെ, സഞ്ചാരികള്‍ കത്തുമായി ഏജന്‍സിയെ സമീപിച്ച് വേണ്ടത് ചെയ്തുതരണമെന്ന് അഭ്യര്‍ഥിക്കും. അപ്പോഴാണ് സംഗതി ശരിക്കും ചതിയായിരുന്നുവെന്ന് സഞ്ചാരികള്‍ക്ക് ബോധ്യമാകുന്നത്.
ഇങ്ങനെ ആര്‍തര്‍ എത്രയാണ് സമ്പാദിച്ചതെന്നോ? ബക്കിങ്ഹാം പാലസ് വെറും രണ്ടായിരം പൗണ്ട്, ബിഗ് ബെന്‍ എന്ന മണിക്കും രണ്ടായിരം പൗണ്ട്. നെല്‍സണ്‍ സ്മാരകത്തിന് ആറായിരം പൗണ്ട്! ഇത്ര നിസ്സാരമായ തുകക്ക് പ്രതിമകളും സ്മാരകങ്ങളും കിട്ടിയാല്‍ സഞ്ചാരികള്‍ വേണ്ടെന്ന് വെക്കുമോ? തങ്ങളുടെ രാജ്യത്തുകൊണ്ടുപോയി അഭിമാനത്തോടെ കാത്തുസൂക്ഷിക്കാമല്ലോ.
buckingham palace
ബക്കിങ്ഹാം പാലസ്
 
അമേരിക്കന്‍ തട്ടിപ്പ്
 
ആര്‍തര്‍ അങ്ങനെ കൊച്ചുപണക്കാരനായി മാറി. ഇനിയും ബ്രിട്ടനില്‍ തന്നെ പണി തുടര്‍ന്നാല്‍ അകത്താകുമെന്ന് മുന്‍കൂട്ടിക്കണ്ട് പുള്ളി വൈകാതെ അമേരിക്കയിലേക്ക് ടിക്കറ്റെടുത്തു. ആര്‍തര്‍ അമേരിക്കയിലെ തന്റെ കൊയ്ത്തിന് ഹരിശ്രീ കുറിക്കാന്‍ കണ്ടത് ആ രാജ്യത്തിന്റെ അഭിമാനസ്തംഭമായ ലിബര്‍ട്ടി പ്രതിമയായിരുന്നു. ന്യൂയോര്‍ക് തുറമുഖം വിപുലീകരിക്കാനുള്ള ഫണ്ട് ശേഖരണത്തിന് ലിബര്‍ട്ടി ഇളക്കി വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും താനാണ് ചുമതലക്കാരനെന്നും ആസ്‌ട്രേലിയക്കാരനെ പറഞ്ഞുവിശ്വസിപ്പിച്ച് ഒരു ലക്ഷം ഡോളറാണ് പിടുങ്ങിയത്. 'പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍' എന്നാണല്ലോ. ആര്‍തറും വൈകാതെ പോലീസ് പിടിയിലായി.
 
(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)
 
Content highlights : some notorious stories in the world with victor lustig and arther ferguson