കാലങ്ങളോളം മരണമില്ലാതെ ജീവിക്കാൻ കഴിയുന്ന വിരുതൻ. കേട്ടിട്ട് ഏതോ സാങ്കല്പിക കഥാപാത്രമാണ് എന്ന് തോന്നിയോ ? എന്നാൽ അല്ല, ശരിക്കും അങ്ങനെയൊരു ജീവിയുണ്ട്. ജെല്ലിഫിഷ് വിഭാഗത്തിൽപെട്ട ചിരഞ്ജീവി ജെല്ലിഫിഷ് (Immortal jellyfish) ആണ് ആ വിരുതൻ. ഈ ജെല്ലിഫിഷിന് മരണത്തെ അതിജീവിക്കാനുള്ള കഴിവുണ്ട്. മരിക്കാതിരിക്കാൻ ജെല്ലിഫിഷ് നടത്തുന്ന വിദ്യയെപ്പറ്റി അറിയാം...

ഭക്ഷണം കിട്ടാതെയോ ശരീരത്തിന് ക്ഷതമേറ്റോ പ്രായക്കൂടുതലോ കാരണം മരിക്കാറായി എന്ന് തോന്നിയാൽ വീണ്ടും കുട്ടിയായി മാറാൻ കഴിയും ഈ ഇനം ജെല്ലിഫിഷിന്. അതുകൊണ്ട് ചിരഞ്ജീവി എന്ന വിശേഷണവും ഉണ്ട്. Turritopsis dohrnii എന്ന ശാസ്ത്രനാമമുള്ള ഈ ജെല്ലിഫിഷുകൾക്ക് പൂർണവളർച്ചയെത്തിയ കോശങ്ങളെ തിരികെ വളർച്ചയെത്താത്ത കോശങ്ങളാക്കി മാറ്റാൻ കഴിവുണ്ട്. അങ്ങനെയാണ് അവ വീണ്ടും കുട്ടിയാവുന്നത്. ഈ വിദ്യ Cellular transdifferntiation എന്നാണ് അറിയപ്പെടുന്നത്.

ഇങ്ങനെ എത്ര തവണ വേണമെങ്കിലും തിരിച്ച് കുട്ടിയാകാൻ സാധിക്കും! എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ അവർ ഈ വിദ്യ പ്രയോഗിക്കാറുള്ളൂ കേട്ടോ. അല്ലെങ്കിൽ സാധാരണ ജെല്ലിഫിഷുകളെപ്പോലെ ഇവയും മാസങ്ങളോ, വർഷങ്ങളോകൊണ്ട് മരിച്ചുപോകും. മണിയുടെ ആകൃതിയിലുള്ള ഈ ജെല്ലിഫിഷിന്റെ പരമാവധി വ്യാസം 4.5 മില്ലിമീറ്റർ മാത്രമാണ്. 1883-ൽ മധ്യധാരണ്യാഴിയിൽ വെച്ചാണ് മരണമില്ലാത്ത ജെല്ലിഫിഷുകളെ ശാസ്ത്രജ്ഞർ ആദ്യമായി കണ്ടെത്തുന്നത്.

എന്നാൽ 1990കളിലാണ് മരണത്തെ അതിജീവിക്കാനുള്ള ഇവയുടെ പ്രത്യേക കഴിവിനെക്കുറിച്ച് ചില ഇറ്റാലിയൻ ഗവേഷകർ മനസിലാക്കിയത്. മരണമില്ലാത്ത ജീവികളാണെങ്കിലും ഇവ പലപ്പോഴും വലിയ ജീവികൾക്ക് ഇരയാകാറുണ്ട്. ഏതായാലും ഈ പ്രത്യേക കഴിവ് കാരണം മരണമില്ലാത്ത ജെല്ലിഫിഷുകൾ ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും പെരുകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :secret story of immortal jellyfish found in world wide tropic waters