മാവാസി കഴിഞ്ഞെത്തുന്ന പുതുചന്ദ്രനെ കൂട്ടുകാര്‍ കണ്ടിട്ടുണ്ടോ? പുതുചന്ദ്രന്റെ കയ്യില്‍ ഒരു പഴയ മങ്ങിയ ചന്ദ്രനെ കണ്ടിട്ടുണ്ടോ? എര്‍ത്ത് ഷൈന്‍ എന്ന ഈ പ്രതിഭാസത്തെ നമുക്ക് തത്കാലം ഭൗമത്തിളക്കം എന്ന് വിളിക്കാം. കാരണം ഇത് ഭൂമിയുടെ തിളക്കം ചന്ദ്രനിലുണ്ടാക്കുന്ന നിലാവാണ്. അതായത് സൂര്യപ്രകാശമേറ്റ് ഭൂമി തിളങ്ങുന്നത് ചന്ദ്രന്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് ചുരുക്കം. സൂര്യരശ്മികൊണ്ട് ചന്ദ്രന്റെ ചെറിയ ഒരു ഭാഗം നാം ഏറെ തിളങ്ങിക്കാണുമ്പോള്‍ ബാക്കിയുള്ള ഭാഗം ഭൂമിയുടെ വെളിച്ചംകൊണ്ട് തിളങ്ങും. 

ഭൂമിയുടെ പ്രതിഫലനശേഷി ചന്ദ്രനെക്കാള്‍ കൂടുതലാണ്. അതായത് ചന്ദ്രന്‍ പന്ത്രണ്ടുശതമാനം പ്രകാശം പ്രതിഫലിപ്പിക്കുമ്പോള്‍ ഭൂമി മുപ്പതുശതമാനം പ്രതിഫലിപ്പിക്കുന്നു. ആഷന്‍ ഗ്ലോ, ഡാവിഞ്ചി തിളക്കം എന്നിങ്ങനെയുള്ള പേരിലും ഇതറിയപ്പെടുന്നുണ്ട്. അമ്പിളിക്കലയിലെ ഈ കൗതുകത്തിന് ആദ്യമായി വിശദീകരണം നല്‍കിയത് പ്രശസ്ത ചിത്രകാരനായിരുന്ന ലിയാണാഡോ ഡാവിഞ്ചിയാണ്. സാധാരണമായി മേയ്, ജൂണ്‍ മാസങ്ങളില്‍ നല്ല മഴ പെയ്തുതോര്‍ന്ന സാഹചര്യങ്ങളില്‍ പുതു ചന്ദ്രക്കല നിരീക്ഷിച്ചാല്‍ ഭൗമത്തിളക്കം നന്നായി കാണാം. നല്ലൊരു ക്യാമറയില്‍ ഫോട്ടോ എടുത്താല്‍ ചന്ദ്രനിലെ കലകള്‍പോലും ഈ ഭാഗത്തുള്ളത് വ്യക്തമായി കാണും. 

പൊടിപടലങ്ങള്‍ കുറഞ്ഞ മറ്റ് വെളിച്ചത്തിന്റെ ശല്യമില്ലാത്ത ആകാശത്ത് അമാവാസിയുടെ തൊട്ടടുത്ത ദിവസങ്ങളില്‍ നിരീക്ഷിച്ചാല്‍ ഈ ഷൈന്‍ കാണാം. ചന്ദ്രനില്‍ ഭൂമിയുടെ നിലാവ് കാണുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക. ചന്ദ്രന്റെ മാനത്ത് കാണുന്ന ഭൂമി പൗര്‍ണമിച്ചന്ദ്രനെക്കാള്‍ വലുതും 100 മടങ്ങ് പ്രകാശം കൂടിയതുമായിരിക്കും. ഏതായാലും ലോക്ഡൗണ്‍കാലം വീട്ടിലിരിക്കുമ്പോള്‍ ചന്ദ്രക്കലയെ നിരീക്ഷിക്കാന്‍ മറക്കാതിരിക്കുക. ക്യാമറ കിട്ടിയാല്‍ നല്ല ചിത്രമെടുക്കാനും മറക്കല്ലേ.

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content highlights : know about earthshine phenomenon on moon