ജൂണ്‍ 3 ലോക സൈക്കിള്‍ ദിനം. സൈക്കിളിന്റെ കണ്ടുപിടിത്തത്തെക്കുറിച്ചും അതിന്റെ പുറത്തുള്ള സവാരിയെക്കുറിച്ചുമൊക്കെ ചില രസകരമായ കാര്യങ്ങളറിയാം.

രണ്ട് ചക്രങ്ങളുള്ള, ഒരാള്‍ക്ക് സ്വന്തമായി ഇരുന്ന് ഓടിക്കാന്‍ കഴിയുന്ന വാഹനം ആദ്യമായി കണ്ടുപിടിച്ചത് ജര്‍മന്‍കാരനായ ബാരണ്‍ കാള്‍ വോണ്‍ ഡ്രൈസ് ആണ്. 1817-ലായിരുന്നു അത്. കുതിര വലിക്കാതെതന്നെ വേഗത്തില്‍ നീങ്ങുന്ന വണ്ടി നിര്‍മിക്കുക എന്ന ഡ്രൈസിന്റെ ചിന്തയാണ് ആദ്യത്തെ സൈക്കിളിന്റെ നിര്‍മാണത്തിലേക്ക് നയിച്ചത്. 'ഡ്രൈസിന്‍' (Draisienne) എന്നാണ് ആ വാഹനം അറിയപ്പെട്ടത്. ഈ സൈക്കിളിന് പെഡലുകള്‍ ഇല്ലായിരുന്നു. തടികൊണ്ട് നിര്‍മിച്ചതായിരുന്നു ചക്രങ്ങള്‍. സൈക്കിളില്‍ ഇരുന്ന് രണ്ട് കാലുകള്‍കൊണ്ടും നിലത്ത് ശക്തിയായി ചവിട്ടി തുഴഞ്ഞാലേ വണ്ടി മുന്നോട്ട് നീങ്ങൂ. ഡ്രൈസ് ആ സൈക്കിളില്‍ പതിന്നാലുകിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. അടുത്തവര്‍ഷം അയാളത് പാരീസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഡ്രൈസ് തന്റെ സൈക്കിള്‍ കണ്ടുപിടിത്തത്തിന് പേറ്റന്റ് എടുത്തിരുന്നെങ്കിലും ബ്രിട്ടന്‍, ഓസ്ട്രിയ, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പലരും വൈകാതെതന്നെ അയാളുടെ സൈക്കിളിന്റെ മാതൃകയില്‍ വാഹനങ്ങളുണ്ടാക്കിത്തുടങ്ങി.

ആദ്യത്തെ സൈക്കിള്‍ എന്നറിയപ്പെടുന്നത് ഡ്രൈസ് നിര്‍മിച്ച വാഹനമാണെങ്കിലും അന്നുവരെ 'സൈക്കിള്‍' എന്ന പദം കണ്ടുപിടിച്ചിട്ടില്ലായിരുന്നു. 1860-കളില്‍ ഇരുചക്രമുള്ള വാഹനത്തെ വിശേഷിപ്പിക്കാന്‍ ഫ്രാന്‍സുകാരാണ് 'ബൈസിക്കിള്‍' എന്ന പദം കൊണ്ടുവന്നത്. അടുത്ത വര്‍ഷം ലണ്ടനില്‍ നിന്നുള്ള ഡെനിസ് ജോണ്‍സണ്‍ ഒരു ഡ്രൈസിന്‍ വാങ്ങി കുറച്ച് മാറ്റിപ്പണിത് 'pedestrian curricle' എന്ന പേരില്‍ പേറ്റന്റ് എടുത്തു. ഒപ്പം നൂറുകണക്കിന് സൈക്കിളുകള്‍ നിര്‍മിച്ച് വില്‍ക്കാനും തുടങ്ങി. അതോടെ ഹോബി ഹോഴ്സ് (Hobby horse), ഡാന്‍ഡി ഹോഴ്സ് (dandy horse) എന്നൊക്കെയായി ആ വാഹനത്തിന്റെ വിളിപ്പേര്.

1840-കളില്‍ സ്‌കോട്ലന്‍ഡുകാരനായ കിര്‍ക്പാട്രിക് മാക്മില്ലന്‍ ഈ സൈക്കിളില്‍ പെടലുകള്‍ ചേര്‍ത്തു. ഹാന്‍ഡില്‍ ബാറിന്റെ താഴെയായിരുന്നു പെഡലുകള്‍. ഈ പെഡലുകളില്‍നിന്ന് പിറകിലത്തെ ചക്രത്തില്‍ നീളമുള്ള കമ്പികള്‍ ഘടിപ്പിച്ചിരുന്നു. പെഡലുകള്‍ ചവിട്ടുമ്പോള്‍ പിന്‍ചക്രം തിരിയുകയും സൈക്കിള്‍ മുന്നോട്ടുപോവുകയും ചെയ്യും. കിര്‍ക്പാട്രിക് 1842-ല്‍ ഈ സൈക്കിളില്‍ ഗ്ലാസ്ഗോവിലേക്ക് അറുപത്തിനാല് കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടത്രേ. വെലോസിപെഡ് (velocipede) എന്ന് അറിയപ്പെട്ട ഈ സൈക്കിളിന്റെ വിളിപ്പേര് ബോണ്‍ ഷേക്കര്‍ (Bone shaker) എന്നായിരുന്നു. അസ്ഥികള്‍ ഇളകുംപോലെ തോന്നിക്കുന്ന ഒട്ടും സുഖമമല്ലാത്ത യാത്രതന്നെയാണ് ആ വിളിപ്പേരിന് പിന്നിലെ കാരണം. എങ്കിലും ആധുനിക സൈക്കിളിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത് ഈ വാഹനമാണ്. പെഡലുകളുള്ള സൈക്കിള്‍ 1860-കളില്‍ വ്യാപകമാവുകയും ചെയ്തു.

കിര്‍ക്പാട്രിക് ഈ സൈക്കിളില്‍ പോകുമ്പോള്‍ ഉണ്ടായ അപകടത്തെക്കുറിച്ചുള്ള വാര്‍ത്ത അന്നത്തെ പത്രത്തില്‍ വന്നിരുന്നു. 'പ്രത്യേകതരം വാഹനത്തില്‍ വന്ന ഒരാള്‍ പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തി' എന്നായിരുന്നു വാര്‍ത്തയിൽ പറഞ്ഞിരുന്നത്. 1864-ല്‍ ഫ്രഞ്ചുകാരനായ പിയറി മിചോക്സും മകനായ ഏണസ്റ്റും കൂടി സൈക്കിളിന് കുറച്ച് മാറ്റങ്ങള്‍കൂടി വരുത്തി. മുന്‍പിലെ ചക്രത്തിന് പിന്നിലെ ചക്രത്തെക്കാള്‍ വലുപ്പം കൂട്ടി. ഒറ്റത്തവണ ചക്രം ഉരുളുമ്പോഴേക്കും കൂടുതല് ദൂരം മുന്നോട്ട് പോകാം എന്ന ചിന്തയിലാണ് അവര്‍ ഇങ്ങനൊരു മാറ്റം വരുത്തിയത്. എന്നാല്‍ പെന്നി ഫാര്‍തിങ് (Penny Farthing) എന്ന ഈ സൈക്കിളിന് പുറത്തുള്ള യാത്ര നിരവധി അപകടങ്ങളാണ് വരുത്തിവെച്ചത്.

bicycle story

1879-ല്‍ ആദ്യത്തെ ചെയിന്‍ ഘടിപ്പിച്ച സൈക്കിള്‍ ജനിച്ചു. ഹെൻ​റി ജെ. ലോസണ് ആണ് ഇത് നിര്‍മിച്ചത്.

1884-ല്‍ ജോണ്‍ കെംപ് സ്റ്റാര്‍ സുരക്ഷിതമായ സൈക്കിളുകള്‍ (Safety bicycle) ഉണ്ടാക്കിത്തുടങ്ങി. ഇതില്‍ സൈക്കിളുകളുടെ രണ്ട് വീലുകളുടെയും വലുപ്പം ഒരേപോലെയാക്കി.

1887-ല്‍ തോമസ് സ്റ്റീവന്‍സ് സൈക്കിളില്‍ ലോകം ചുറ്റുന്ന ആദ്യ വ്യക്തിയായി.

1900-കളില്‍ സൈക്കിളിന്റെ ഡിസൈന്‍ അന്താരാഷ്ട്രതലത്തില്‍ ക്രമീകരിച്ചു. അക്കാലത്ത് അമേരിക്കയിലും യൂറോപ്പിലും സൈക്കിള്‍ ക്ലബ്ബുകള്‍ പിറക്കുകയും സൈക്കിളിന് ധാരാളം ജനസമ്മതി കിട്ടുകയും ചെയ്തിരുന്നു.

ആദ്യമായി വിമാനം പറത്തിയ റൈറ്റ് സഹോദരന്മാരായ വില്‍ബര്‍ റൈറ്റും ഓര്‍വില്‍ റൈറ്റും ഒഹിയോയിലെ ഡെട്ടണ്‍ എന്ന സ്ഥലത്ത് സൈക്കിള്‍ റിപ്പെയര്‍ ഷോപ്പ് നടത്തിയവരായിരുന്നു എന്നതാണ് മറ്റൊരു രസകരമായ സംഗതി. വര്‍ഷങ്ങളോളം സൈക്കിളിന്റെയും മറ്റും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് നേടിയെടുത്ത പരിചയത്തിലാണ് വിമാനം നിര്‍മിക്കുക എന്ന സാഹസികതയ്ക്ക് അവര്‍ തുനിഞ്ഞത്. ആ വര്‍ക്ക്‌ഷോപ്പില്‍ വെച്ചാണ് അവര്‍ 1903-ല്‍ ആദ്യ വിമാനം നിര്‍മിച്ചത്.

1980-കളില്‍ പര്‍വതങ്ങളില് ഉപയോഗിക്കാവുന്ന സൈക്കിളുകള്‍ (Mountain bicycle) നിര്‍മിച്ചുതുടങ്ങി. ഗിയറുകള്‍ സൈക്കിളിന്റെ ഭാഗമാവുകയുംചെയ്തു. ഇരുമ്പ് മാറ്റി അലൂമിനിയം, കാര്‍ബണ്‍ ഫൈബറുകള്‍ എന്നിവ ഉപയോഗിച്ച് സൈക്കിളിന്റെ ഭാരവും കുറച്ചു.

1996-ലെ അറ്റ്ലാന്റ ഒളിമ്പിളിക്സിലാണ് മൗണ്‍ടെയ്ന്‍ ബൈക്കിങ് ഒരു മത്സരയിനമായി മാറിയത്.
ബൈസൈക്കിള്‍ മോട്ടോ ക്രോസ് (ബി.എം.എക്സ്.) എന്നത് ഒരുതരം സൈക്കിള്‍ ട്രാക്ക് റേസിങ്ങാണ്. ഇത് 2008-ലെ ബെയ്ജിങ്ങില്‍ ഒളിമ്പിക്സില്‍ ഒരു മത്സരയിനമായി ആദ്യമായി അവതരിപ്പിക്കപ്പെട്ടു.

ഏറ്റവും നീളം കൂടിയ സൈക്കിള്‍ ഉണ്ടാക്കി ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടിയ ആളാണ് ഓസ്ട്രേലിയക്കാരനായ ബെര്‍ണി റയാന്‍. 47.5 മീറ്ററാണ് അദ്ദേഹം നിര്‍മിച്ച സൈക്കിളിന്റെ നീളം. 2020 നവംബര്‍ 14-ന് ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ വെച്ചാണ് ബെര്‍ണി ഈ സൈക്കിള്‍ ഓടിച്ച് റെക്കോഡ് നേടിയത്.

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content highlights : invention story of bicycle