തെ, ശുക്രനിലേക്ക് തന്നെ! ഭാരതത്തിന്റെ ശുക്രയാന്‍ ഒന്ന് എന്ന ബഹിരാകാശ പേടകം അണിയറയില്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ ഭംഗിയായി നടന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ശുക്രന്‍ അഥവാ വീനസ് എന്ന ആകാശഗോളത്തില്‍ നമ്മുടെ ത്രിവര്‍ണപതാകയുമെത്തും. മാനത്ത് ഏറ്റവും തിളക്കത്തില്‍ കാണപ്പെടുന്ന ഗ്രഹമാണ് ശുക്രന്‍. പ്രഭാതതാരമെന്നും സന്ധ്യാ താരമെന്നും വിളിക്കപ്പെടുന്നുണ്ടെങ്കിലും സത്യത്തില്‍ ശുക്രന്‍ ഒരു ഗ്രഹമാണ്. സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ ചൂടുള്ള ഗ്രഹമാണ് ശുക്രന്‍. ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹവും ഇതുതന്നെ. കട്ടികൂടിയ അന്തരീക്ഷമാണ് ഈ ഗ്രഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊടുങ്കാറ്റും ഇടിമിന്നലും സള്‍ഫ്യൂരിക്കാസിഡിന്റെ മഴയും ഈ ഗ്രഹത്തെ നരകഗ്രഹമാക്കി മാറ്റുകയാണ്. വാഹനങ്ങളെ അവിടെ ഇറക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. അതുകൊണ്ടുതന്നെ ശുക്രയാന്‍ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത് ശുക്രനെ ചുറ്റുക എന്ന കാര്യത്തിനാണ്. 

ഏതാണ്ട് 100 കിലോഗ്രാം ഭാരം പ്രതീക്ഷിക്കുന്ന ശുക്രയാന്‍ 500 കിലോമീറ്ററിന്റെ അടുപ്പത്തിലും 60000 കിലോമീറ്ററിന്റെ അകലത്തിലും ശുക്രനെ ചുറ്റും. ശുക്രന്റെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെക്കുറിച്ചും അതിന്റെ ഉപരിതലത്തെക്കുറിച്ചും പഠനം നടത്താനുള്ള ഉപകരണങ്ങള്‍ ശുക്രയാനിലുണ്ടാകും. ഇന്ത്യയുടെ തന്നെ GSLV Mark 2 റോക്കറ്റിലായിരിക്കും പേടകം ഭൂമിയില്‍നിന്ന് കുതിക്കുക. ഈ ചൂടന്‍ ഗ്രഹത്തില്‍ പോയിട്ടെന്തു കാര്യം എന്നായിരിക്കും ഒരുപക്ഷേ എല്ലാവരും ചോദിക്കുക. 

venus and earth

എന്നാല്‍ കേട്ടോളൂ; സൗരയൂഥത്തില്‍ ഏതെങ്കിലും തരത്തിലുള്ള സൂക്ഷമജീവികളുണ്ടെങ്കില്‍ അത് ഉണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഈ അടുത്ത കാലത്താണ് ഫോസ്ഫീന്‍ എന്ന രാസപദാര്‍ഥം ശുക്രാന്തരീക്ഷത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. ജീവികളുടെ സാന്നിധ്യത്തില്‍ മാത്രമേ ഈയൊരു വാതകം ഉണ്ടാകൂ എന്നാണ് പല പ്രമുഖ അസ്‌ട്രോബയോളജിസ്റ്റുകളും വാദിക്കുന്നത്. അല്ലെങ്കില്‍ത്തന്നെ ശുക്രന്‍ അറിയപ്പെടുന്നത് 'ഭൂമിയുടെ ഇരട്ടസഹോദരി' എന്നാണ്. അതുകൊണ്ടുതന്നെ ഈ മഴക്കാലത്തും പിന്നെ വരുന്ന മഞ്ഞുകാലത്തും നമുക്ക് ഈ യവനസുന്ദരിയെ പടിഞ്ഞാറന്‍ സന്ധ്യാമാനത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കും.

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content highlights : india's shukrayan 1 mission in venus planet