ചിത്രത്തില്‍ കാണുന്നത് എന്താണെന്ന് മനസ്സിലായോ കൂട്ടുകാരേ? ഇതൊരുതരം വൈറസ് ആണ്. ഈ വൈറസിന് ഗവേഷകര്‍ മെഡൂസ വൈറസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഗ്രീക്ക് കഥകളിലെ ഒരു കഥാപാത്രമായ മെഡൂസയുമായി ഈ വൈറസിന് എന്താണ് ബന്ധം? 

ഗ്രീക്ക് കഥകളിലെ മെഡൂസ ദേവത

മെഡൂസ എന്നൊരു ഗ്രീക്ക് ദേവതയെപ്പറ്റി കേട്ടിട്ടുണ്ടോ? തലനിറയെ വിഷസര്‍പ്പങ്ങളുള്ള മെഡൂസയുടെ മുഖത്തേക്ക് ആരെങ്കിലും നോക്കിയാല് നോക്കുന്നവര്‍ കല്ലായി മാറുമത്രെ. സുന്ദരിയായിരുന്ന മെഡൂസയ്ക്ക് അഥീനയുടെ ശാപംകൊണ്ടാണ് ഇങ്ങനെയൊരു ദുര്‍വിധി ഉണ്ടായതെന്നാണ് കഥകള്‍ പറയുന്നത്. തന്റെ സൗന്ദര്യത്തില് അമിതമായി അഹങ്കാരം കാണിച്ച മെഡൂസയെ അഥീന ശപിച്ചതാണെന്നും, അതല്ല, കടലിന്റെ ദേവനായ പോസൈടന്‍ തന്റെ അമ്പലത്തില്‍വെച്ച് മെഡൂസയെ ആക്രമിച്ചതിലല്‍ കോപംമൂത്ത് ശാപം നല്കിയതാണെന്നുമെല്ലാം കഥകള്‍ പ്രചരിക്കുന്നുണ്ട്. പെഴ്‌സ്യൂസ് എന്ന ഗ്രീക്ക് യോദ്ധാവാണ് പിന്നീട് മെഡൂസയെ കൊല്ലുന്നത്. രാത്രി കിടന്നുറങ്ങുമ്പോള്‍ മെഡൂസയുടെ പ്രതിബിംബം തന്റെ പടച്ചട്ടയില്‍ നോക്കി തല വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചാലും തലയ്ക്കുള്ള മാന്ത്രികശേഷി നഷ്ടപ്പെട്ടിരുന്നില്ല. മെഡൂസയുടെ തല തന്റെ ആയുധമാക്കി ശത്രുക്കളെ കല്ലാക്കി മാറ്റാനും പെഴ്‌സ്യൂസിന് സാധിച്ചു.

അമീബയെ കല്ലാക്കി മാറ്റും വൈറസ്‌

എന്താണ് മെഡൂസയും ഈ വൈറസും തമ്മില്‍ ബന്ധം? വൈറസ് ബാധിച്ച അമീബ 'കല്ലായി' മാറുമെന്നതാണ് അതിലൊന്ന്. ജപ്പാനില്‍ പലയിടത്തും  ചൂടുനീരുറവകളുണ്ട്, ഇതില് ഭൂരിഭാഗവും ചെളി നിറഞ്ഞിരിക്കുന്നതാണ്. അത്തരമൊരു ചെളിക്കുഴിയില്‍ നിന്നാണ് മെഡൂസ വൈറസിനെ ഗവേഷകര്‍ കണ്ടെത്തുന്നത്. താങ്കളുടെ നിലനില്പിന് ഭീഷണി വരുന്ന ഘട്ടങ്ങളില്‍ അമീബകള്‍ എന്‍സിസ്റ്റ്‌മെന്റ് എന്നൊരു വിദ്യ പ്രയോഗിക്കും. കല്ലുപോലെ ശരീരമാക്കുന്നതാണത്. സാഹചര്യങ്ങള് ഒത്തുവരുമ്പോള്‍ പഴയതുപോലെയാവുകയും ചെയ്യും. മെഡൂസ വൈറസ് ബാധിച്ചാല്‍ അമീബകള്‍ക്കുചുറ്റും കട്ടിയുള്ള ഒരു പുറന്തോട് വന്നുമൂടി അവ എന്‍സിസ്റ്റ്‌മെന്റിലേക്ക് മാറും. ഈ വൈറസിന് മെഡൂസയുമായി മറ്റൊരു സാമ്യവുമുണ്ട്. മെഡൂസയുടെ തലയിലെ പാമ്പുകളെപ്പോലെ ഇതിന്റെ ദേഹം നിറയെ രോമംപോലെയുള്ള വളര്‍ച്ചകള്‍ ഉണ്ട്. അറ്റത്ത് ഒരു ചെറിയ ഉണ്ടയും. പറഞ്ഞുവരുമ്പോള്‍ മെഡൂസയും വൈറസും സെയിം ടു സെയിം!

മെഡൂസ ഫാക്ട്‌സ് 

ചെങ്കടലിലെ പവിഴങ്ങള് മെഡൂസയുടെ രക്തത്തില്‍നിന്ന് ഉണ്ടായതെന്നാണ് വിശ്വാസം. 

ഡാവിന്‍ചി, ദാലി എന്നിവര്‍ മെഡൂസയുടെ കഥ ചിത്രീകരിച്ചിട്ടുണ്ട്.

ഫ്രഞ്ച് മിലിറ്ററി ബെല്റ്റ്, നെപ്പോളിയന്റെ മാര്‍ കവചം,  സിസിലിയുടെ കൊടി എന്നിവയില്‍ മെഡൂസയുടെ മുഖം കാണാം.

മെഡൂസയെ വധിച്ചു എന്ന് വിശ്വസിക്കുന്ന പെഴ്‌സ്യൂസ് സിയൂസ് ദേവന്റെ മകനാണ്.

Content highlights : How did the greek goddess medusa get the name for the virus discovered by researchers