നീണ്ട കഴുത്തുമായി ചെറിയ കുട്ടികളെയെല്ലാം അത്ഭുതപ്പെടുത്തുന്ന ഒരു ജീവിയെ മൃഗശാലകളില്‍ കാണാനാകും. മറ്റാരുമല്ല ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ ജീവിയായ ജിറാഫ് തന്നെ! ജിറാഫുകളുടെ കൂട്ടത്തിലെ ഏറ്റവും ഉയരക്കാരന്‍ ആരെന്ന് അറിയാമോ ? എല്ലാ ജിറാഫുകളെയും കാണാന്‍ ഒരുപോലെയല്ലേ, അതില്‍നിന്ന് ഏറ്റവും ഉയരക്കാരനെ കണ്ടെത്തുന്നതെങ്ങനെ ? എന്നാല്‍ ജിറാഫുകളുടെ കൂട്ടത്തിലെ ഏറ്റവും ഉയരക്കാരനെ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ക്വീന്‍സ്ലാന്‍ഡിലെ 'ഓസ്‌ട്രേലിയ സൂ'വിലുള്ള ഫോറസ്റ്റ് ആണ് ഏറ്റവും ഉയരക്കാരന്‍ എന്ന റെക്കോര്‍ഡിന് അര്‍ഹമായത്.  ഫോറസ്റ്റിന്റെ ഉയരം എത്രയെന്നോ ?! 5.7 മീറ്റര്‍ അഥവാ 18 അടി 8 ഇഞ്ച് വരും. പന്ത്രണ്ടാം വയസിലാണ് ഫോറസ്റ്റിന് ഗിന്നസ് റെക്കോര്‍ഡ് ലഭിക്കുന്നത്

ക്രോക്കഡൈല്‍ ഹണ്ടര്‍ (മുതലവേട്ടക്കാരന്‍) എന്ന ടിവി പരിപാടിയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ, തിരണ്ടിമത്സ്യത്തിന്റെ ആക്രമണത്തിലൂടെ മരണപ്പെട്ട സ്റ്റീവ് ഇര്‍വിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ സൂ എന്ന മൃഗശാലയിലാണ് ഫോറസ്റ്റ് ഉള്ളത്. നിലവില്‍ ഇര്‍വിന്റെ ഭാര്യ ടെറിയും മക്കളായ ബിന്ദി, റോബര്‍ട്ട് എന്നിവരാണ് മൃഗശാലയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 

forest giraffe

ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡ് സൂവില്‍ 2007-ലാണ് ഫോറസ്റ്റിന്റെ ജനനം. തുടര്‍ന്ന് രണ്ട് വയസുള്ളപ്പോള്‍ ഓസ്‌ട്രേലിയ മൃഗശാലയിലേക്ക് അവനെ മാറ്റി. മൃഗശാലയിലെ മറ്റു ജിറാഫുകളായ കെബിബിയേക്കാളും ജിഗിയേക്കാളും ഉയരമുണ്ട് ഫോറസ്റ്റിന്. ജിറാഫുകള്‍ 15 മുതല്‍ 18 അടി വരെ ഉയരം വെക്കുന്നത് സാധാരണമാണ്. ഏറ്റവും ഉയരംവെക്കുന്ന ജിറാഫുകളുടെ കൂട്ടത്തിലാണ് ഫോറസ്റ്റ്. 

forest giraffe

Content highlights : world's tallest giraffe named forest get world guiness record 2020