ചിലന്തികൾക്കിടയിലുമുണ്ട് വേഷം മാറുന്ന കൂട്ടർ. നമ്മുടെ നാട്ടിലൊക്കെ സാധാരണായായി കാണുന്ന, നീറ്, മിശറ്, പുളിയുറുമ്പ് എന്നീ പേരുകളിലറിയപ്പെടുന്ന (Weaver ants എന്ന് ഇംഗ്ലീഷിൽ) ഉറുമ്പിന്റെ വേഷത്തിലാണ് ഈ ചിലന്തി എത്തുക. ഒറ്റനോട്ടത്തിൽ പുളിയനുറുമ്പാണെന്നേ തോന്നൂ. സൂക്ഷിച്ചു നോക്കുമ്പോഴായിരിക്കും ആള് വേറെയാണെന്ന് മനസിലാകുക. ഇങ്ങനെ ഉറുമ്പിന്റെ വേഷത്തിൽ വരുന്ന ചിലന്തിയെ കെരെങ്ക ആന്റ് ലൈക്ക് ജമ്പർ (Kerengga ant like jumper or Myrmaplata plataleoides) എന്നാണ് വിളിക്കുന്നത്.

ചാട്ടക്കാരൻ ചിലന്തികളുടെ കൂട്ടത്തിലാണ് ഇവർ പെടുന്നത്.ഇന്ത്യ, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലാണ് ഈ ചിലന്തിയെ പൊതുവെ കണ്ടുവരുന്നത്. അതുപോലെ മലായ് ഭാഷയിൽ പുളിയുറമ്പുകളെ വിളിക്കുക കെരെങ്ക എന്നാണ്. പുളിയുറുമ്പുകളുടെ കൂട്ടത്തിലേക്ക് സൂത്രത്തിൽ കടന്നുവരുമെങ്കിലും ഈ ചിലന്തിയെ ഉറുമ്പുകൾക്ക് വേഗം തിരിച്ചറിയാൻ കഴിയും. അവ കൂട്ടംചേർന്ന് ചിലന്തിയെ ആക്രമിക്കും.

തട്ടിപ്പ് എന്തിന് ?

കെരെങ്കെ ചിലന്തി എന്തിനാണ് ഇങ്ങനെയൊരു തട്ടിപ്പ് പുറത്തെടുക്കുന്നത് ? അതിനുപിന്നിൽ ഒരു രഹസ്യമുണ്ട്. ഈ പുളിയുറുമ്പുകൾ കോളനികളായി കഴിയുന്ന മരങ്ങളിലും കുറ്റിച്ചെടികളിലും തന്നെയാണ് കെരെങ്കെ ചിലന്തിയും താമസിക്കാറുള്ളത്. പുളിയുറുമ്പുകൾ കടിച്ചാലുള്ള വേദന പലർക്കും അറിയാവുന്നതാണല്ലോ. അതുപോലെ ഉറുമ്പിന്റെ ശരീരത്തിൽനിന്ന് വരുന്ന പ്രത്യേകതരം ഗന്ധവും അസഹനീയമാണ് പലപ്പോഴും.

അതുകൊണ്ടൊക്കെ പുളിയുറുമ്പുകൾക്ക് പൊതുവെ ശത്രുക്കൾ കുറവാണ്. ഉറുമ്പുകളുടെ ഈ പ്രത്യേകതയാണ് കെരെങ്ക ചിലന്തി മുതലെടുത്തത്. പുളിയുറുമ്പിന്റെ വേഷം കെട്ടിയാൽ തങ്ങൽക്കും ശത്രുക്കളുണ്ടാവില്ലെന്ന് ചിലന്തികൾ മനസിലാക്കി. ഉറുമ്പിനെപ്പോലെ നടന്നാൽ ശത്രുക്കളെ പേടിക്കേണ്ട എന്നതാണ് ചിലന്തിയെ ഉറുമ്പുവേഷം കെട്ടാൻ പ്രേരിപ്പിച്ചതിനുപിന്നിലെ രഹസ്യം!

Content highlights :curious facts about kerengga ant like jumper spider in weaver ants