രാഹുൽഗാന്ധിയെ ഒരു നോക്കു കാണണം. തങ്ങളുടെ പ്രിയപ്പെട്ട ശരത് ലാലി​െന്റയും കൃപേഷിന്റെയും കണ്ണീരോർമയിൽ രാഹുൽജിക്ക് മുമ്പാകെ നീതികിട്ടണമെന്ന് വിളിച്ചുപറയണം. മനസ്സുറപ്പിച്ച് അവരൊഴുകിയെത്തി കൃപേഷി​െന്റയും ശരത്‌ലാലി​െന്റയും വീടുകളിലേക്ക്. രാഹുൽഗാന്ധി വന്നപ്പോൾ അവർ വിളിച്ച മുദ്രാവാക്യത്തിൽ എല്ലാം ഉണ്ടായിരുന്നു. ശരത്‌ലാലി​െനയും കൃപേഷി​െനയും നാട് എത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്നതും ആ രണ്ടു യുവാക്കളും നാടിന്റെ പ്രിയപ്പെട്ടവരായി എങ്ങനെ മാറിയെന്നതുമെല്ലാം അവർ കൂട്ടത്തോടെ വിളിച്ച മുദ്രാവാക്യത്തിൽ കേൾക്കാം.
രാഹുൽ അടുത്തെത്തിയപ്പോൾ പറയാനുറപ്പിച്ചത് മുഴുമിപ്പിക്കാൻ അവർക്ക് ആയില്ല. ആദ്യം കുട്ടികൾ, പിന്നെ സ്ത്രീകൾ... ഒന്നിനുപിറകെ ഒന്നായി ഉയർന്ന പൊട്ടിക്കരച്ചിലിൽ പുരുഷാരത്തിനും വിതുമ്പലടക്കാനായില്ല. മൂന്നുമാസം പ്രായമുള്ള കുഞ്ഞൂസ് മുതൽ 85 വയസ്സുള്ള മുത്താണിയമ്മവരെയുള്ള ജനസഞ്ചയം ഇരുവരുടെയും വീടുകളിൽ എത്തിയിരുന്നു.

രാവിലെ മുതൽ ആളുകളുടെ ഒഴുക്കായിരുന്നു. കനത്ത സുരക്ഷ അവരുടെ സ്‌നേഹത്തിന് തടസ്സമായില്ല. കെട്ടിത്തിരിച്ച വേലിക്കടുത്തും വലിച്ചുകെട്ടിയ കയറിനടുത്തും ചാഞ്ഞും ചെരിഞ്ഞും നിന്ന് അവർ രാഹുൽഗാന്ധിയെ കണ്ടു. രാഹുൽ കൈവീശിയപ്പോൾ ഗ്രാമത്തിലുയർന്ന ജനസഞ്ചയത്തിന്റെ വലിയ ശബ്ദത്തിലത്രയും നിറഞ്ഞത് ശരത്‌ലാലി​െന്റയും കൃപേഷി​െന്റയും പേരുകളായിരുന്നു. രാവിലെ 10 മണിയോടെ രണ്ടു വീടുകളിലും ആളുകളെത്തിത്തുടങ്ങി. എസ്.പി.ജി. ഉദ്യോഗസ്ഥർ എണ്ണം കണക്കാക്കിയായിരുന്നു ബന്ധുക്കളെ വീടുകളിലേക്ക് കയറ്റിവിട്ടത്.

വീട്ടുകാരും കോൺഗ്രസ് നേതാക്കളും കൂടി 25-ൽ അധികം പാടില്ല. ഈ നിർദ്ദേശമായിരുന്നു കിട്ടിയത്. അതനുസരിച്ചുള്ള പട്ടിക തയ്യാറാക്കി. പട്ടികയ്ക്ക് പുറത്തായ ഉറ്റബന്ധുക്കൾപോലും കെട്ടിത്തിരിച്ച മുളവേലിക്ക് പുറത്ത് നിന്ന് രാഹുലിനെ കണ്ടു. പാറപ്പുറത്തും റബ്ബർ തോട്ടത്തിലുമെല്ലാം ആളുകൾ നിറഞ്ഞുനിന്നു. 

തമ്പായിയമ്മയും സുമാവതിയും തളർന്നുവീണു 

rahul

ശരത്‌ലാലിന്റെ വീടിന് ചുറ്റിലും ആളുകൾ തമ്പടച്ചു നിന്നിരുന്നു. വീട്ടുമുറ്റത്തിനപ്പുറത്ത്  ഇത്തിരി അകലത്തിൽ മുളകെട്ടി മാധ്യമപ്രവർത്തകർക്കുള്ള സ്ഥലമൊരുക്കി. അതിനു പിറകിൽ കെട്ടിയ കയറിനപ്പുറത്തും താഴെ റബ്ബർത്തോട്ടത്തിലും ആളുകൾ നിറഞ്ഞുനിന്നു. വടക്കുഭാഗത്ത് വേലികെട്ടി തിരിച്ച സ്ഥലത്ത് അടുത്ത ബന്ധുക്കൾ.സ്ത്രീകളുൾ​െപ്പടെ നൂറിലേറെപ്പേർ ഇവിടെ ഉണ്ടായിരുന്നു. വീട്ടിൽ നിന്നു പുറത്തിറിങ്ങിയ രാഹുൽഗാന്ധി ആദ്യം വന്നത് വേലിക്ക് പുറത്തു നിൽക്കുകയായിരുന്ന ശത്‌ലാലിന്റെയും കൃപേഷി​െന്റയും നേതൃത്വത്തിൽ രൂപം കൊണ്ട വാദ്യകലാസംഘം പ്രവർത്തകരുടെ അടുത്തേക്കായിരുന്നു. അവരുടെ വിതുമ്പൽ കണ്ടുനിൽക്കെ ഇപ്പുറത്ത് സ്ത്രീകൾ കൂട്ടത്തോടെ കരയുന്നത് കണ്ട രാഹുൽ അവരുടെ അടുത്തക്ക് പോയി. ഈ സമയത്താണ് ശരത്‌ലാലിന്റെ വല്ല്യമ്മ(അച്ഛന്റെ മൂത്തപെങ്ങൾ) തമ്പായിയമ്മ പൊട്ടിക്കരഞ്ഞ് തളർന്നുവീണത്. ബന്ധു സുമാവതിയും കരഞ്ഞു കരഞ്ഞ് തളർന്നുവീണു. തമ്പായിയമ്മയെ മാവുങ്കൽ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. സുമാവതിയെ അടുക്കളഭാഗത്തെ വർക്ക് ഏരിയയിൽ കിടത്തി മുഖത്ത് വെള്ളം തളിച്ചു. റബ്ബർത്തോട്ടത്തിൽ നിന്ന ആയിരങ്ങളെ കൈവീശിക്കാണിച്ച് രാഹുൽ മടങ്ങുമ്പോൾ സമയം ഉച്ചകഴിഞ്ഞ് 2.55.  11 മിനിറ്റുനേരം മാത്രമാണ് ശരത്‌ലാലിന്റെ വീട്ടിൽ ഉണ്ടായിരുന്നത്.

സുരക്ഷ കനപ്പെടുത്തി കാക്കിപ്പടയും കറുത്ത പടയും 


കറുത്ത കോട്ടിട്ട എസ്.പി.ജി.ക്കാർ. കാക്കിപ്പടയിൽ ലോക്കൽ പോലീസ്. കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകളും പരിസരത്തെ റോഡുകളും പെരിയ മുതൽ കല്ല്യോട്ട് വരെയും നാട്‌ ഇതുവരെ കണ്ടിട്ടില്ലാത്തത്രയും പോലീസ് സുരക്ഷ. ശരത്തും കൃപേഷും കൊല്ലപ്പെട്ടപ്പോൾ ഉണ്ടായ ആക്രമണത്തിൽ കല്ല്യോട്ട് കടകൾ പലതും തകർത്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും റോഡരികിൽ ഉണ്ട്.

പൊട്ടിയ സോഡാക്കുപ്പികൾ ഉൾ​െപ്പടെ ​െപറുക്കി കളഞ്ഞ് രാവിലെ മുതൽ തന്നെ ലോക്കൽ പോലീസ് സജീവമായിരുന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫിന്റെ  നേതൃത്വത്തിൽ പതിനഞ്ചോളം  ഡിവൈ.എസ്.പി.മാരും ഇരുപ ത്‌ സി.ഐ.മാരും നൂറുകണക്കിന് പോലീസുകാരും സുരക്ഷാക്രമീകരണങ്ങളൊരുക്കി. സുരക്ഷയുടെ കാരണം പറഞ്ഞ് രാഹുൽഗാന്ധിക്ക് ഇളനീർ കൊടുക്കാൻ പോലും എസ്‌.പി.ജി.ക്കാർ അനുവദിച്ചില്ല. താഴെ റബ്ബർത്തോട്ടത്തിൽ രണ്ടുതവണ വിഷപ്പാമ്പ് എത്തിയത് തടിച്ചുകൂടിയ ആളുകളെ അസ്വസ്ഥരാക്കി. ഇതും എസ്.പി.ജി.ക്കാർക്ക് തലവേദനയുണ്ടാക്കി.നൂറിലേറെ സേവാദൾ പ്രവർത്തകർ ആളുകൾക്ക് കുടിവെള്ളമെത്തിച്ചുകൊടുത്തു.

content highlights: rahul gandhi, kripesh, sarathlal, kasargod