കാസർകോട്: വിവാഹരജിസ്ട്രേഷൻ സമയത്ത് നിലവിൽ ഹാജരാക്കുന്ന രേഖകൾക്കു പുറമേ രണ്ടു രേഖകൾകൂടി നിർബന്ധമാക്കാൻ നടപടിയെടുക്കണമെന്ന് വനിതാ കമ്മിഷൻ സർക്കാരിനോടാവശ്യപ്പെട്ടു.

ഗാർഹികപീഡനപരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ദമ്പതിമാർ വിവാഹപൂർവ കൗൺസലിങ്ങിൽ പങ്കെടുത്ത സർട്ടിഫിക്കറ്റും വിവാഹത്തിന് ഇരുവർക്കും ലഭിച്ച സമ്മാനങ്ങളുടെ പട്ടികയും വിവാഹ രജിസ്ട്രേഷൻ സമയത്ത് രേഖപ്പെടുത്തണമെന്ന് വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ മെഗാ അദാലത്തിൽ പറഞ്ഞു.

വിവാഹസമ്മാനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കേസുകൾ നീണ്ടുപോകുന്നതിനു കാരണമാകുന്നുണ്ടെന്നും കമ്മിഷൻ വിലയിരുത്തി. ദമ്പതിമാരുടെ കേസുകളിൽ വേഗത്തിൽ പരിഹാരം കാണുന്നതിന് ഈ രേഖകൾ കമ്മിഷനും കോടതികൾക്കും സഹായകരമാകും. നിലവിൽ വിവാഹസമ്മാനങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ ദമ്പതിമാർക്ക് കഴിയുന്നില്ല -ഷാഹിദ കമാൽ പറഞ്ഞു.

അദാലത്തിൽ 33 പരാതികൾ പരിഗണിച്ചതിൽ 12 പരാതികൾ ഒത്തുതീർപ്പാക്കി. ആറു പരാതികളിൽ പോലീസിനോട് റിപ്പോർട്ട് തേടി. മൂന്നു പരാതികളിൽ ആർ.ഡി.ഒ.യുടെ റിപ്പോർട്ട് തേടി. രണ്ടു കേസുകളിൽ കൗൺസലിങ് നൽകും.

പത്ത് പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാനും തീരുമാനിച്ചു. എ.ഡി.എം. എൻ.ദേവീദാസ്, വി.പി.ശ്യാമളാദേവി, എ.പി.ഉഷ, കെ.എം.ബീന, എം.ജെ.എൽസമ്മ, പി.വി.ഗീത, എസ്.രമ്യമോൾ എന്നിവർ സംബന്ധിച്ചു.

കാഞ്ഞങ്ങാട് ടൗൺഹാളിൽ സംവാദം ഇന്ന്

ഗാർഹികപീഡനനിരോധനനിയമം സംബന്ധിച്ച് വനിതാ കമ്മിഷൻ നടത്തുന്ന സംവാദം വ്യാഴാഴ്ച കാഞ്ഞങ്ങാട് ടൗൺഹാളിൽ രാവിലെ 10 മുതൽ നടക്കും. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ഉദ്ഘാടനം ചെയ്യും.

വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ അധ്യക്ഷയാകും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഫിലിപ്പ് തോമസ് വിഷയം അവതരിപ്പിക്കും.