കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളിൽ ബാലറ്റ്‌ പേപ്പറുകൾ ക്രമീകരിക്കുന്ന പ്രവൃത്തി അതത് ഉപവരണാധികാരികളുടെ നേതൃത്വത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, മാടായി എന്നിവിടങ്ങളിൽ നടന്നു. മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളിൽ ബാലറ്റ്‌ പേപ്പറുകൾ ക്രമീകരിക്കുന്നത് കാസർകോട് ഗവ. കോളേജിൽ ജില്ലാ വരണാധികാരിയായ കളക്ടർ ഡോ. ഡി.സജിത് ബാബുവിന്റെ സാന്നിധ്യത്തിലാണ് നടന്നത്.

ഉപവരണാധികാരികളായ എൽ.ആർ. ഡെപ്യൂട്ടി കളക്ടർ എസ്.എൽ.സജികുമാർ, ആർ.ഡി.ഒ. പി.എ.അബ്ദുൾ സമദ്, എൽ.എ. ഡെപ്യൂട്ടി കളക്ടർ മാവില നളിനി എന്നിവരാണ് നേതൃത്വം നൽകിയത്.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജകമണ്ഡലങ്ങളിലേത് പടന്നക്കാട് നെഹ്രു കോളേജിൽ സബ്കളക്ടറും ഉപവരണാധികാരിയുമായ അരുൺ കെ.വിജയന്റെയും ആർ.ആർ. ഡെപ്യൂട്ടി കളക്ടർ പി.ആർ.രാധികയുടെ നേതൃത്വത്തിലും പയ്യന്നൂർ നിയോജകമണ്ഡലത്തിന്റെത് എ.കെ.എ.എസ്. ജി.എച്ച്.എസ്.എസ്. പയ്യന്നൂരിൽ ഉപവരണാധികാരികൂടിയായ കണ്ണൂർ എൽ.ആർ. ഡെപ്യൂട്ടി കളക്ടർ സി.ജി.ഹരികുമാറിന്റെ നേതൃത്വത്തിലും കല്യാശ്ശേരി മണ്ഡലത്തിന്റെത് മാടായി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉപവരണാധികാരികൂടിയായ കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുതുകണ്ടിയുടെ നേതൃത്വത്തിലും നടന്നു.

സ്ഥാനാർഥികളുടെ പ്രതിനിധികളും ബാലറ്റ് പേപ്പർ ക്രമീകരണ പ്രക്രിയയിൽ പങ്കെടുത്തു. ബാലറ്റ് പേപ്പർ ക്രമീകരണത്തിനുശേഷം ബാലറ്റ് യൂണിറ്റുകൾ കനത്ത പോലീസ് സുരക്ഷയോടെ അതത് കേന്ദ്രങ്ങളിൽ സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കും.