വിദ്യാനഗർ: സ്വർണത്തേക്കാൾ തിളക്കമുള്ളതാണ് സത്യസന്ധതയെന്ന് തിരിച്ചറിഞ്ഞ് വിദ്യാർഥികൾ.

ഒരാഴ്ച മുൻപ്‌ നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വീട്ടമ്മ. വിദ്യാനഗർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളായ അഭയ് വിപിൻ, ആഷിത തുഷാര, ആർദ്ര സന എന്നിവരുടെ സത്യസന്ധതയാണ് രണ്ടു പവനിലേറെ വരുന്ന മാല തിരികെകിട്ടുന്നതിന് തുണയായത്.

കുഡ്‌ലുവിലെ കെ.ടി.രാജന്റ ഭാര്യ വീട്ടമ്മയായ സി.പദ്‌മിനിയുടെ മാലയാണ് നഷ്ടപ്പെട്ടിരുന്നത്. കഴിഞ്ഞ 11-ന് യാത്രക്കിടെയാണ് മാല നഷ്ടപ്പെട്ടത്. സ്കൂൾ വിട്ട് ട്യൂഷൻ ക്ലാസിന് പോകും വഴി പാറക്കട്ട മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കുട്ടികൾക്ക് മാല കിട്ടിയത്. വിദ്യാനഗർ ക്രൈം എസ്.ഐ. വി.പി.വിപിനിന്റെയും രജിഷയുടെയും മകനാണ് അഭയ് വിപിൻ. പാറക്കട്ട എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ എം.കെ.സതികുമാറിന്റെയും പി.സുനിതയുടെയും മക്കളാണ് ആഷിതയും ആർദ്രസനയും. കുട്ടികൾ മാല എസ്.ഐ. വിപിന് കൈമാറി. വിദ്യാനഗർ സ്റ്റേഷനിൽ എസ്.ഐ. ഇ.അനൂപ്കുമാർ, ക്രൈം എസ്.ഐ. വി.പി.വിപിൻ എന്നിവരുടെ സാന്നിധ്യത്തിൽ അഭയും ആർദ്രസനയും ചേർന്ന് മാല സി.പദ്‌മിനിക്ക് കൈമാറി.