വെള്ളരിക്കുണ്ട്: നേരത്തേ മലയോരപ്രദേശങ്ങളിൽമാത്രമുണ്ടായിരുന്ന വന്യമൃഗശല്യം താഴ്‌വാരങ്ങളിലേക്കുകൂടി വ്യാപിക്കുന്നു. പന്നി, മുള്ളൻപന്നി എന്നിവയുടെ ശല്യംകാരണം വയലുകളിൽ കൃഷിയിറക്കാൻപറ്റാത്ത സാഹചര്യമാണുള്ളതെന്ന് കർഷകർ പറയുന്നു.

വനമേഖലയോടുചേർന്നുള്ള മലയോരപ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെശല്യം രൂക്ഷം. പന്നികൾ കൂട്ടത്തോടെയിറങ്ങി കപ്പ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങൾ നശിപ്പിക്കുന്നു. നെൽപ്പാടം കുത്തിമറിച്ച് പാടം ഉഴുതിട്ടപരുവത്തിലാക്കും. കഴിഞ്ഞ പ്രളയ നാശനഷ്ടത്തിൽനിന്ന് കരകയറിവരുന്നതിനിടെയാണ് കഴിഞ്ഞദിവസം കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കീഴ്മാല പാറക്കോൽ പാടശേഖരത്ത് പന്നികളിറങ്ങി നാശംവിതച്ചത്.

കർഷകന്റെ ജീവനുതന്നെ ഭീഷണി

മലയോരത്തെ ആനമഞ്ഞൾ, ചുള്ളി, പുല്ലാടി, മരുതോം, കോട്ടഞ്ചേരി, ദർഘാസ് പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം അതിരൂക്ഷമാണ്. കർഷകർക്ക് ഇടവിളകളൊന്നും ലഭിക്കാറില്ല. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ എല്ലാം ഉഴുതുമറിയ്ക്കും. പന്നിശല്യംനിമിത്തം കൃഷി ഒഴിവാക്കിയ ചെറുകിടകർഷകരും മലയോരത്തുണ്ട്.

കാട്ടുപന്നിക്കുപുറമെ ആനയും കാട്ടുപോത്തും കുരങ്ങും മയിലുമൊക്കെ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നതും പതിവാണ്. പന്നിശല്യംകാരണം ജനങ്ങൾക്ക് രാത്രി പുറത്തിറങ്ങിനടക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. ആനമഞ്ഞളിലെ കുടിയേറ്റ കർഷകൻ ജോസ് മാടത്താനിയുടെ ജീവൻ നഷ്ടപ്പെട്ടത് കാട്ടുപന്നി ആക്രമണത്തിലാണ്. ഒട്ടേറെപ്പേർ പരിക്കേറ്റിട്ടുണ്ട്. മാലോം, കൊന്നക്കാട്, പുന്നക്കുന്ന് പ്രദേശങ്ങളിൽ ബൈക്ക്‌യാത്രക്കാരെ കാട്ടുപന്നി കുത്തിമറിച്ചതും പെരുമ്പട്ടയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയെ പന്നികുത്തി മുറിവേൽപ്പിച്ചതും അടുത്തിടെയാണ്.

കൃഷി ഉപേക്ഷിക്കാതെ വഴികളില്ല..

വിലയിടിവിനും വിളനാശത്തിനും പുറമെയാണ് ഇപ്പോൾ കർഷകരെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വന്യമൃഗശല്യവും വർധിച്ചിരിക്കുന്നത്. പാടത്തും തോട്ടത്തിലുമൊക്കെ രാപകലില്ലാതെ മാസങ്ങളോളം അധ്യാനിച്ചുണ്ടാക്കിയത് ഒറ്റരാത്രികൊണ്ട് വന്യമൃഗങ്ങൾ ഇല്ലാതാക്കുകയാണ്. ഇനിയും കൃഷിയിറക്കാൻ കെൽപ്പില്ലാതെ പലരും ഇതിനകംതന്നെ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു. വനാതിർത്തിയിൽനിന്ന്‌ കാട്ടുമൃങ്ങൾ പുറത്തേക്ക് കടക്കാതിരിക്കാൻ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. വെദ്യുതി കമ്പിവേലി, കിടങ്ങ്, കോൺക്രീറ്റ് മതിൽ തുടങ്ങിയ സംവിധാനങ്ങൾ വനംവകുപ്പിനുണ്ടെങ്കിലും കർഷകർക്കും കൃഷിക്കും സംരക്ഷണനടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് ഇനിയും തയ്യാറാകാത്തത് ഏറെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

അപ്രായോഗികമായ അനുമതി

കാട്ടുപന്നിയെ കൊല്ലാൻ അനുമതിനൽകിക്കൊണ്ട് സർക്കാർ ഉത്തരവുണ്ട്. കാട്ടുപന്നികൾ കൃഷിനശിപ്പിച്ചാൽ അവയെ കൊല്ലാൻ അനുമതിചോദിച്ച് ഫോറസ്റ്റ് റേഞ്ചർക്ക് അപേക്ഷനൽകണം. അപേക്ഷ സത്യമാണെന്ന് സമിതിക്ക് ബോധ്യപ്പെടണം. പന്നി കാട്ടിലേക്ക് ഓടാൻശ്രമിച്ചാൽ കൊല്ലരുത്. കൃഷിനശിപ്പിച്ച പന്നി ഗർഭിണിയാണെങ്കിൽ കൊല്ലരുത്. വനപ്രദേശങ്ങളിൽ ഒരുകാരണവശാലും പന്നികളെ കൊല്ലരുത്. ഇതൊക്കെയാണ് ഉത്തരവ്. ഉത്തരവ് പുനഃപരിശോധിച്ച് കാർഷികവിളകൾ നശിപ്പിക്കുന്ന പന്നികളെ കൊല്ലാനുള്ള അനുമതിയെങ്കിലും തരണമെന്നാണ് കർഷകരുടെ അപേക്ഷ.