വെള്ളരിക്കുണ്ട് : ലോവർ ഡിവിഷൻ ക്ളാർക്ക്‌ (എൽ.ഡി.സി.) തസ്തികയിലേക്ക്‌ 2018 ഏപ്രിൽ രണ്ടിന് നിലവിൽവന്ന റാങ്ക്‌പട്ടികയിലെ 596 പേരിൽ ഇതുവരെ നിയമനം നടന്നത് 162 റാങ്കുവരെ ഉള്ളവരുടെ മാത്രം.

റാങ്ക് പട്ടിക നിലവിൽവന്ന് 27 മാസം പിന്നിട്ടിട്ടും ജില്ലയിലെ എൽ.ഡി.സി. (വിവിധം) തസ്തികളിലേക്ക് നിയമനം വളരെ മന്ദഗതിയിലാണെന്നാണ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടവരുടെ പരാതി.

പഞ്ചായത്തുകളിൽ 20-ലധികം ഒഴിവുകൾ ഇപ്പോൾതന്നെ ഉണ്ടെങ്കിലും കന്നഡനിയമനത്തിനും ആശ്രിതനിയമനത്തിനും വകമാറ്റാതെ ഇനി ഒരു ഒഴിവുപോലും റിപ്പോർട്ട്‌ചെയ്യില്ല എന്നാണ് വകുപ്പുതല ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാൽ ഡെപ്യൂട്ടേഷൻ, സ്ഥാനക്കയറ്റം എന്നിവയ്ക്കുവേണ്ടി എല്ലാം കൃത്യമായി ഒഴിവുകൾ വകമാറ്റുന്നുണ്ട്.

ഒന്നരവർഷത്തിലധികമായി പഞ്ചായത്ത് വകുപ്പിൽനിന്ന് ഒഴിവുകളൊന്നും ലഭിച്ചിട്ടില്ല. ഇതുപോലെ തന്നെയാണ് റവന്യൂവകുപ്പ് അടക്കം മിക്കവാറും വകുപ്പുകളും പല കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവുകൾ വകമാറ്റുകയാണ്. ഇതുവരെ ഒരു ഒഴിവുപോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത വകുപ്പുകളും ജില്ലയിലുണ്ടെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

കൂടുതൽ വിരമിക്കൽ ഉണ്ടായിട്ടും ഒഴിവില്ല

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന ഡിപ്പാർട്ട്‌മെന്റുകൾ പി.എസ്.സി.യിലേക്ക് റിപ്പോർട്ട് ചെയ്യാൻ എടുക്കുന്ന കാലതാമസം, നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് അപ്പോയിൻമെന്റ് അയയ്ക്കാൻ എടുക്കുന്ന കാലതാമസം ഇവയെല്ലാം ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാക്കുകയാണ്.

കൂടുതൽ വിരമിക്കൽ ഒഴിവുകൾ ഉണ്ടാകുന്ന വർഷമായിട്ടുകൂടി പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കി റിപ്പോർട്ട് ചെയ്യാത്തത് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാണ്.