വെള്ളരിക്കുണ്ട് : പോക്സോ കേസിൽ കോടതി റിമാൻഡ് ചെയ്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തിലാക്കിയയാൾ തൂങ്ങിമരിച്ച നിലയിൽ. മാലോം ചുള്ളിയിലെ ഷിജുവിനെ (40) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പൂടംകല്ല് താലൂക്ക് ആസ്പത്രിയിൽ റിമാൻഡ് പ്രതികൾക്കുള്ള നിരീക്ഷണവാർഡിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ജൂലായ് 14-നാണ് വെള്ളരിക്കുണ്ട് പോലീസ് ഷിജുവിനെ അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ കൈയിലും കഴുത്തിലും മുറിവുണ്ടാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിനുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

ജയിലിൽ റിമാൻഡ് ചെയ്യുന്നതിന് മുന്നോടിയായി കോവിഡ് 19 നിരീക്ഷണത്തിനായി പൂടംകല്ല് താലൂക്കാസ്പത്രിയിലെത്തിച്ചതായിരുന്നു. പരിശോധനാഫലം നെഗറ്റീവായതിനാൽ ഞായറാഴ്ച ഉച്ചയ്ക്ക് ജയിലിലേക്ക് മാറ്റാനിരിക്കെയാണ് സംഭവം. മജിസ്ട്രേട്ട്തല അന്വേഷണത്തിനുശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.