വെള്ളരിക്കുണ്ട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർ നടത്തുന്ന നിരാഹാരസമരം നർക്കിലക്കാട് കാവുകാട് സ്കൂളിൽ തുടങ്ങി. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മറ്റുള്ള സർക്കാർ അധ്യാപകരിൽനിന്നുള്ള വേർതിരിവ് അവസാനിപ്പിക്കുക. മുടങ്ങിയ ശമ്പളം അനുവദിക്കുക, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം നടത്തുന്നത്. തിരുവനന്തപുരത്ത് കെ.ഉഷ എന്ന അധ്യാപിക നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യമായാണ് എ.എസ്.ടി.എ. (ഓൾട്ടർനേറ്റീവ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സമരം സംഘടിപ്പിച്ചത്.
ചിറ്റാരിക്കാൽ ഉപജില്ലയിലെ ആറ് ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരാണ് നിരാഹാരം സമരം നടത്തുന്നത്. ജില്ലയിൽ 59 ഏകാധ്യാപക വിദ്യാലയങ്ങളിലായി 71 അധ്യാപകരാണ് നിലവിലുള്ളത്. കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിൽ ഒന്നിലധികം അധ്യാപകരുണ്ട്. നിരാഹാരസമരം എ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളീധരൻ ഉദ്ഘാടനംചെയ്തു.
പി.ടി.എ. പ്രസിഡൻറ് ഇ.ആർ.രാജേഷ് അധ്യക്ഷനായിരുന്നു. കെ.സുധാകരൻ, ഷാജി നായിക്കാംപറമ്പിൽ, പ്രിൻസ് പൊൻകുന്നേൽ, മേരിക്കുട്ടി വർഗീസ്, ജയശ്രീ കരിമ്പിൽ, ലിനി മോൾ ജോസഫ്, ഓമന അജി, സാജു എബ്രഹാം, രമ്യ ബിജു തുടങ്ങിയവർ സംസാരിച്ചു. സൂചനയായി നടത്തുന്ന പ്രതിഷേധസമരം തിങ്കളാഴ്ച വൈകീട്ട് സമാപിക്കും.