വെള്ളരിക്കുണ്ട്: ഒരുകാലത്ത് അക്ഷരപ്രേമികളുടെ ഇടത്താവളമായിരുന്ന വെള്ളരിക്കുണ്ടിലെ സഹൃദയ വായനശാല അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നശിക്കുന്നു. വായനശാലയുടെ കെട്ടിടം പൂർണമായി തകർന്നുകഴിഞ്ഞു. ഇപ്പോൾ കെട്ടിടംനിന്നിരുന്ന സ്ഥലംപോലും തിരിച്ചറിയാൻ കഴിയാത്തവിധം കാടുപിടിച്ചുകിടക്കുകയാണ്.

ഉണ്ടായിരുന്ന പുസ്തകങ്ങളിൽ ഏറെയും ചിലതരിച്ചും മഴനനഞ്ഞുമൊക്കെ നശിച്ചു. ചിതലരിച്ചതിനെ തുടർന്ന് പുസ്തകങ്ങൾ കൂട്ടിയിട്ട് കത്തിച്ചുകളഞ്ഞ സംഭവംവരെ ഉണ്ടായി. മിച്ചംകിട്ടിയ പുസ്തകങ്ങൾ വെള്ളരിക്കുണ്ടിലെ ഒരു വാടകമുറിയിലേക്ക് മാറ്റിയിട്ടുണ്ട്. വാടകമുറിയിലേക്ക് ലൈബ്രറി മാറിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞു. ഇതുവരെ പുതിയ കെട്ടിടം പണിയാനുള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഒരുകാലത്ത് മലയോരത്തെ പുസ്തകപ്രേമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഇടത്താവളമായിരുന്നു സഹൃദ വായനശാല. രാഷ്ട്രീയ കക്ഷി ഭേദമെന്യേ കുട്ടികൾ തുടങ്ങി പ്രായമായവർവരെ വന്നിരുന്ന് സംവദിച്ചിരുന്ന വായനശാലയാണ് ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്.

വേണം താലൂക്ക്‌ ആസ്ഥാനത്ത് വായനശാല

മലയോര താലൂക്ക്‌ ആസ്ഥാനമായ ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ടിൽ 1970ലാണ് വായനശാല ആരംഭിച്ചത്. ആ കാലഘട്ടത്തിൽത്തന്നെ പ്രവർത്തകരുടെ നേതൃത്വത്തിൽ സൗജന്യമായിലഭിച്ച മൂന്നുസെന്റ് സ്ഥലത്ത് കെട്ടിടവും നിർമിച്ചു. തുടർന്ന് വായനശാലയിലേക്ക് ആവശ്യമായ പുസ്തകങ്ങളും ശേഖരിച്ചു. തുടക്കത്തിൽ ഒട്ടേറെപ്പേർ അംഗങ്ങളായിരുന്നെങ്കിലും പിന്നീട് പലരും പിൻവാങ്ങി. ഇതോടെ വായനശാലയുടെ പ്രവർത്തനവും നിലച്ചുതുടങ്ങി. പിന്നീടങ്ങോട്ട് ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥകൂടിയായപ്പോൾ വായനശാലയുടെ പ്രവർത്തനം പൂർണമായും നിലച്ചു. നിലവിൽ കാടുകയറിയ സ്ഥലം മാത്രമാണ് ബാക്കി. താലൂക്ക്‌ ആസ്ഥാനമായിട്ടുകൂടി ഒരു വായനശാല ഇല്ലാത്തതിൽ നാട്ടുകാരുടെയിടയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇവിടുള്ള സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികളടക്കമുള്ളവർക്ക്‌ ഏറെ ഉപകാരപ്രദമായ വായനശാല എത്രയും പെട്ടന്ന് പുനർനിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനശാലാകെട്ടിടം പണി തുടങ്ങാനാവശ്യമായ ഫണ്ടിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും രാജ്യസഭാ എം.പി.യുടെ ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും എത്രയുംപെട്ടന്നുതന്നെ പുതിയ കെട്ടിടം നിർമിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ലൈബ്രറി പ്രസിഡന്റ് വിനോദ്കുമാർ പറഞ്ഞു.