വെള്ളരിക്കുണ്ട്: രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ മലയോരത്തെ പുഴനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരുമ്പട്ട തേജസ്വിനി പുഴയ്ക്ക് സമീപമുള്ള പൊതുവിതരണ കേന്ദ്രം സ്ഥിതിചെയ്യുന്ന കെട്ടിടം വെള്ളത്തിൽ മുങ്ങി. ഭക്ഷ്യസാധനങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റി വിതരണം പുനരാരംഭിച്ചു.

സമീപ പ്രദേശങ്ങളിൽ കരയിടിച്ചിൽ രൂക്ഷമായിട്ടുണ്ട്. വെസ്റ്റ് എളേരി പഞ്ചായത്തിനെയും കയ്യൂർ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരുമ്പട്ട പാലത്തിന്റെ അരികിലും കരയിടിച്ചിൽ ഭീഷണിയുണ്ട്. സമീപത്തെ സ്വകാര്യ വ്യക്തികളുടെ കവുങ്ങും തെങ്ങും കടപുഴകി വീണു.

മാങ്ങോട് വിലങ്ങ് റോഡിലേക്ക് പാർശ്വഭിത്തി ഇടിഞ്ഞുവീണു. ഗതാഗത തടസ്സമില്ല. മലയോരത്തെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇനിയും മഴ തുടർന്നാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.