പെരിയ: കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് പച്ചക്കറിത്തോട്ടങ്ങളിൽ വൈറസ് ബാധ. പുല്ലുർ-പെരിയ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിൽ ഏക്കർകണക്കിന് പച്ചക്കറി കൃഷിത്തോട്ടങ്ങൾ നശിച്ചു. പൂവിടുംമുമ്പുതന്നെ ഇലകളിൽ മഞ്ഞബാധിച്ച് മറ്റ് ഇലകളിലേക്ക് പടരുകയാണ് ചെയ്യുന്നത്.

മഴയെത്താൻ വൈകിയതും വേനലിന്റെ കഠിനമായ ചൂടും സൃഷ്ടിച്ച വ്യതിയാനമാണ് വൈറസ് ബാധയ്ക്ക് കാരണമെന്നാണ് കാർഷിക ശാസ്ത്രജ്ഞരുടെ നിഗമനം. വെള്ളീച്ചകളാണ് ഇത് പടർത്തുന്നത്. ആയമ്പാറയിലെ താനത്തിങ്കാൽ ബാലകൃഷ്ണന്റെ രണ്ടരയേക്കർ കൃഷിയിടത്തിലെ നരമ്പൻ പാതിയും ഇതുമൂലം നശിച്ചു.

വൈറസ് ബാധിച്ച വള്ളികൾ മുഴുവൻ പറിച്ചെടുത്ത് കുഴിച്ചുമൂടാനാണ് കാർഷിക സർവകലാശാലയിൽനിന്ന് ലഭിച്ച നിർദേശം. ഇതിന് ഫലപ്രദമായ മരുന്ന് കണ്ടെത്താത്തത് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാക്കുന്നത്. ചാലിങ്കാൽ ദേശീയപാതയോരത്ത് കൃഷിയിറക്കിയ വി.നാരായണിയുടെ നരമ്പൻ തോട്ടം വൈറസ് ബാധയെത്തുടർന്ന് പൂർണമായും ഉപേക്ഷിച്ചു.

മരുന്ന് കണ്ടെത്തിയിട്ടില്ല

പാലക്കാട്, വയനാട്, പട്ടാമ്പി, തമിഴ്നാട്ടിലെ ഡിണ്ടിഗൽ, മധുര തുടങ്ങിയ ഇടങ്ങളിലും വൈറസ് വ്യാപകമായി നാശമുണ്ടാക്കിയിട്ടുണ്ട്. കളകളായ പൂവാംകുറുന്നില, അപ്പക്കാട്, കുറുന്തോട്ടി തുടങ്ങിയവയിൽ ആരംഭിക്കുന്ന വൈറസ് ബാധ പച്ചക്കറിക്കൃഷിയിലേക്ക് പടരുകയാണ് ചെയ്യുന്നത്. ഫലപ്രദമായ പ്രതിരോധമരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

-ഡോ. കെ.എം.ശ്രീകുമാർ, പ്രൊഫസർ, പടന്നക്കാട് കാർഷിക സർവകലാശാല