വലിയപറമ്പ: ദ്വീപ് പഞ്ചായത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മണലെടുപ്പ്. മാവിലാക്കടപ്പുറം ഗവ. എൽ.പി. സ്കൂളിന് കിഴക്കുഭാഗം പുഴയിൽനിന്നാണ് രാത്രികാല മണലെടുപ്പ് തകൃതിയായി നടക്കുന്നത്. തീരദേശ പരിപാലനനിയമത്തിൽ ആശങ്കയിലായ വലിയപറമ്പിന് മണലെടുപ്പ് ഇരുട്ടടിയായി.
പുലിമുട്ടിൽ വന്നടിയുന്ന മണൽ വാരാനുള്ള അനുമതിയുടെ മറവിലാണ് പുഴയിലെ മണലെടുപ്പ്. അനധികൃത മണൽവാരൽ ഓരിക്കടവ് പാലത്തിന് ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു. മണൽ കൊള്ളയ്ക്കെതിരേ വലിയപറമ്പ ദ്വീപ് സംരക്ഷണസമിതി തുടങ്ങിവെച്ച സമരപരിപാടി നിലച്ച മട്ടിലാണ്. രാത്രികാല മണൽക്കടത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.