വലിയപറമ്പ: 23 വർഷം വലിയപറമ്പിനെ സേവിച്ച ബി.എസ്.എൻ.എൽ ജീവനക്കാരന് നാട്ടുകാരുടെ യാത്രയയപ്പ്. വലിയപറമ്പ ടെലിഫോൺ എക്‌സേഞ്ചിൽ നിന്നും വിരമിക്കുന്ന ടെലികോം ടെക്‌നീഷ്യൻ പി.രാജനെ പൗരാവലി കൊട്ടും കുരവയുമായാണ് യാത്രയയപ്പ് വേദിയിലേക്ക് ആനയിച്ചത് . റോഡും പാലവുമില്ലാതെ ഗതാഗത സൗകര്യവും വികസനവും അന്യമായ ദ്വീപിലേക്ക് പുഴകടന്നെത്തി സേവനം ചെയ്തത്. ഒരു പരാതിക്കും ഇടംനൽകാതെ തന്റെ കർത്തവ്യം നിർവ്വഹിച്ച രാജൻ ഓരോ കുടുംബത്തിലെയും അംഗമായി മാറുകയായിരുന്നുവെന്ന് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
യാത്രയയപ്പ് സംഗമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി.ശാരദ അധ്യക്ഷത വഹിച്ചു. വലിയപറമ്പ പൗരാവലിയുടെ ഉപഹാരം കെ.വി.അമ്പുകുഞ്ഞി ഉപഹാരം നൽകി. പഞ്ചായത്തംഗം ഒരിയര മാധവൻ പൊന്നാടയണിയിച്ചു. വിവിധ സംഗടനകളുടെ ഉപഹാരം ചടങ്ങിൽ രാജന് സമർപ്പിച്ചു. സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രിതിനിധികളായ മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഗംഗാധരൻ, സി.വിജയൻ, കെ.അനിൽ, എം.ഭാസ്‌കരൻ, കെ.കെ.അഹമ്മദ്, ഒ.കെ.ബാലകൃഷ്ണൻ, വി.എം.ബാലൻ, ടി.കെ.റഹൂഫ്, പി.വി രാജൻ, ടി.കെ.ബി ഹമീദ് എന്നിവർ സംസാരിച്ചു.