വലിയപറമ്പ്: പഞ്ചായത്ത് പ്രസിഡന്റിനെതിരേ അഴിമതിയാരോപണമുന്നയിച്ച് സി.പി.എം. വലിയപറമ്പ് നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വലിയപറമ്പ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ഉപരോധസമരവും നടത്തും. റിസോർട്ട് മാഫിയയുമായും ബിനാമികളുമായും പ്രസിഡന്റിന്റെ സ്വകാര്യ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നത്. പി.എം.ജി.എസ്.വൈ. റോഡിനോട് പഞ്ചായത്ത് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, ബഡ്സ് സ്കൂളിന് കുടുംബശ്രീ അനുവദിച്ച തുക ചെലവഴിക്കുക, പദ്ധതിവിഹിതം സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. ഉപരോധസമരം സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ടി.വി.ഗോവിന്ദൻ ഉദ്ഘാടനംചെയ്യും
വലിയപറമ്പിൽ വ്യാപകമായ അഴിമതി -ബി.ജെ.പി.
വലിയപറമ്പ്: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മുമായി ചേർന്ന് വ്യാപകമായ അഴിമതി നടത്തുന്നതായി ബി.ജെ.പി. വലിയപറമ്പ് പഞ്ചായത്ത് കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. കേരള ജലവിഭവ വികസന കേന്ദ്രം വലിയപറമ്പ് പഞ്ചായത്തിൽ 5.74 ലക്ഷം രൂപ ചെലവഴിച്ചത് സുതാര്യമല്ല. വ്യാജ പ്രവൃത്തിബില്ലുകൾ സൃഷ്ടിച്ച് പ്രസിഡന്റും ചില ഇടതുപക്ഷ അംഗങ്ങളും ഇടയിലക്കാട്ടെ സന്നദ്ധസംഘടനയും ചേർന്ന് വൻതുക തട്ടിയെടുത്തു. കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കുന്നതിനും വേലിയും ബോർഡും സ്ഥാപിക്കുന്നതിനും വൻ തുകയാണ് എഴുതിയെടുത്തത്. കിണർ ശുചീകരണത്തിന്റെപേരിലും തുക തട്ടിയെടുത്തു. സന്നദ്ധസംഘടനകൾ പ്രസിഡന്റിൻറെ മേലൊപ്പോടെയാണ് കേരള ജലവിഭവ വികസന കേന്ദ്രത്തിൽനിന്ന് തുക നേടിയെടുത്തത്. മുസ്‌ലിം ലീഗുകാരനായ പ്രസിഡന്റ് സി.പി.എം. പഞ്ചായത്തംഗവുമായി ചേർന്നാണ് അഴിമതി നടത്തിയതെന്ന് ബി.ജെ.പി. ആരോപിച്ചു. പത്രസമ്മേളനത്തിൽ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എം.ഭാസ്കരൻ, ഷിബിൻ ഒളവറ, യു.രാജൻ, പി.വി.കരുണാകരൻ, പി കെ.സത്യൻ എന്നിവർ പങ്കെടുത്തു.
ആരോപണം അടിസ്ഥാനരഹിതം -മുസ്‌ലിം ലീഗ്
വലിയപറമ്പ്: യു.ഡി.എഫ്. ഭരിക്കുന്ന വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ ചില പ്രതിപക്ഷകക്ഷികൾ നടത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃയോഗം വിലയിരുത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ ഏതുതരത്തിലുള്ള അന്വേഷണവും പാർട്ടി സ്വാഗതംചെയ്യുന്നു. ഒരു തെളിവുമില്ലാതെ വ്യക്തിഹത്യാപരമായ ആരോപണങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടിയുമായി പാർട്ടി മുന്നോട്ടുപോകും. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള പ്രതിപക്ഷകക്ഷികളുടെ ഗൂഢനീക്കങ്ങളെ പഞ്ചായത്തിലെ ജനങ്ങൾ തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷവഹിച്ചു. ടി.കെ.അബ്ദുൾസലാം, കെ.എം.സി.ഇബ്രാഹീം, കെ.കെ.അഹമ്മദ് ഹാജി, ഉസ്മാൻ പാണ്ട്യാല, പി.കെ.സി. അബ്ദുൾഖാദർ, കെ.പി.അബ്ദുൾമജീദ് ഹാജി, സഈദ് വലിയപറമ്പ്, എം.ടി.ശഫീഖ് തുടങ്ങിയവർ സംസാരിച്ചു.
സി.പി.എം. സമരം അഴിമതി മറച്ചുവെക്കാൻ -കോൺഗ്രസ്
വലിയപറമ്പ്: സി.പി.എം. നേതാക്കൾ നടത്തിയ അഴിമതി മറച്ചുവെക്കാനാണ് സി.പി.എം. വലിയപറമ്പ് പഞ്ചായത്ത് ഓഫീസിലേക്ക് സമരംനടത്തുന്നതെന്ന് വലിയപറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒ.കെ.വിജയൻ ആരോപിച്ചു. ഇത് അപഹാസ്യവും പൊതുജനങ്ങളുടെ കണ്ണിൽ മറയിടാനുള്ളതുമാണ്. ഗ്രാമപ്പഞ്ചായത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രം മുഖേന ഇടയിലെക്കാട്ടിൽ നടപ്പാക്കിയ അഞ്ചുലക്ഷത്തിലധികം രൂപയുടെ പ്രവർത്തികളിൽ വൻ ക്രമക്കേടുകളും അഴിമതിയും നടന്നത് സി.പി.എം. നേതാക്കളുടെ ഒത്താശയോടെയാണ്. കാവിന് ചുറ്റുവേലി, കണ്ടൽക്കാട് വെച്ചുപിടിപ്പിക്കൽ, ആർട്ട് ഗാലറി, ലൈബ്രറി പുസ്തകം എന്നിവയുടെ പേരിലാണ് അഴിമതി നടന്നത്. സി.പി.എം. നടത്തുന്ന ഈ ഇരട്ടത്താപ്പ് നയം ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.