വലിയപറമ്പ്: വലിയപറമ്പ് കടലോരത്തെ മാലിന്യക്കൂമ്പാരത്തിൽ മോചിപ്പിക്കുന്നതിന് ശുചീകരണയജ്ഞം. കേന്ദ്ര വനം-പരിസ്ഥിതി - കാലാവസ്ഥാവ്യതിയാന വകുപ്പും നാഷണൽ ഗ്രീൻ കോർപ്സ് ജില്ലാ ഇക്കോ ക്ലബ്ബും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കടലോര ശുചീകരണം നടത്തിയത്.
വലിയപറമ്പ് പഞ്ചായത്തിലെ നാല് കിലോമീറ്റർ ദൈർഘ്യത്തിൽ നടന്ന ശുചീകരണത്തിന് കുട്ടികൾക്കൊപ്പം തീരദേശ പരിസ്ഥിതി സംരക്ഷണ സേനാംഗങ്ങളായ വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനാ വൊളന്റിയർമാർ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, മാവിലാക്കടപ്പുറം എം.എ.യു.പി. സ്കൂൾ, ഉദിനൂർ കടപ്പുറം ഗവ. ഫിഷറീസ് യു.പി. സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.
കടലോരത്തെ കുപ്പത്തൊട്ടിയായി മാറ്റാൻ അനുവദിക്കരുതെന്നും ഭൂമിയിലെ ജീവന്റെ പ്രധാന കേന്ദ്രമായ കടലിന്റെ പരിശുദ്ധി കാക്കാൻ കാവലാളാകുമെന്നും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. വരും നാളുകളിലും തീരശുചീകരണവും ബോധവത്കരണവും തുടരും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ശാരദ അധ്യക്ഷയായിരുന്നു. സബ് കളക്ടർ അരുൺ കെ.വിജയൻ മുഖ്യാതിഥിയായിരുന്നു.
വനം-പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് കേന്ദ്ര നിരീക്ഷകൻ മഹേഷ് റാണ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.കെ. മുഹമ്മദ്കുഞ്ഞി, കെ.പുഷ്പ, വി.കെ.കരുണാകരൻ, ഇക്കോ ക്ലബ്ബ് ജില്ലാ കോ ഓർഡിനേറ്റർ പ്രൊഫ. വി.ഗോപിനാഥ്, വിദ്യാഭ്യാസ ജില്ലാ കോ ഓർഡിനേറ്റർ ആനന്ദ് പേക്കടം, പ്രഥമാധ്യാപകരായ വി.സുധാകരൻ, പി.ടി.വിജയൻ, പീപ്പിൾസ് ഫോറം പ്രതിനിധി കെ.വി.കുമാരൻ, പി.വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.