വലിയപറമ്പ്: പരിസ്ഥിതിവിഷയങ്ങളിൽ തുറന്നമനസ്സോടെ കൈകോർത്ത് ഒന്നിച്ചുമുന്നേറണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് ദ്വീപ് സംരക്ഷണ സമിതി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.രാജഗോപാലൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ വിശിഷ്ടാതിഥിയായിരുന്നു. പരിസ്ഥിതി പ്രവർത്തക ഡോ. ഇ.ഉണ്ണിക്കൃഷ്ണൻ സീക്ക് ഡയറക്ടർ ടി.പി.പദ്‌മനാഭൻ എന്നിവർ പ്രഭാഷണം നടത്തി.
ഏഴിമല മുതൽ മാവിലാ കടപ്പുറം പുലിമുട്ട് വരെ 24 കിലോമീറ്റർ നീളത്തിലും പരമാവധി അരക്കിലോമീറ്റർ വീതിയിലും നീണ്ടുകിടക്കുന്ന കടലോരപ്രദേശത്തിന്റെ മരണമണിയെന്ന പോലെ കടലാക്രമണവും കരയിടിച്ചിലും ദ്വീപിനെ ഇല്ലാതാക്കുകയാണ്. അപ്പോഴാണ് വ്യാപകമായി മണലെടുക്കുന്നത്. ഈ അവസ്ഥയിലാണ് നാട്ടുകാർ സംഘടിച്ചത്. പുലിമുട്ടിനോടുചേർന്ന് അഴിമുഖത്തും കായലിലും മറ്റു പഞ്ചായത്തുകളുടെ മണൽപാസ് ഉപയോഗിച്ചും അനധികൃതമായും നടക്കുന്ന മണൽവാരൽ ദ്വീപിന്റെ കടൽത്തീരത്തെ ഇല്ലാതാക്കുകയാണ്. ഒപ്പം അനധികൃത നിർമാണത്തിനും വ്യാപകമായി കടൽമണലെടുക്കുന്നു.
അഴിമുഖത്തും കവ്വായി കായലിലും ഒരുവിധത്തിലുമുള്ള മണൽഖനനം അനുവദിക്കരുതെന്നാണ് ആവശ്യം. എം.ടി.അബ്ദുദുൾ ജബ്ബാർ, പി.സി. ഫൗസിയ, വി.പി.ഫൗസിയ, പി.പി.ശാരദ, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, അഡ്വ. സുരേഷ്ബാബു, ഇ.വി.ഗണേശൻ, കെ.വി.മാത്യു, അഡ്വ. സി.വി.ദാമോദരൻ, വി.വി.ഉത്തമൻ എന്നിവർ സംസാരിച്ചു.