വലിയപറമ്പ്: വലിയപറമ്പ് പഞ്ചായത്തിൽ അനധികൃതമായി നടക്കുന്ന മണലൂറ്റലിനെതിരേയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് ദ്വീപ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ കളക്ടറെക്കണ്ട് നിവേദനം നൽകി. അടിയന്തരമായി പ്രദേശത്ത് യോഗംവിളിച്ച് പ്രശ്നപരിഹാരമുണ്ടാക്കാൻ പോർട്ട് കൺസർവേറ്റർക്ക് കളക്ടർ നിർദേശംനൽകി. നിയമാനുസൃതമല്ലാതെ നടക്കുന്ന മണലൂറ്റലിനെതിരേ ആവശ്യമായ നടപടിയുണ്ടാകുമെന്ന് കളക്ടർ നിവേദകസംഘത്തിന് ഉറപ്പുനൽകി. കടവുകളിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി രാത്രികാലങ്ങളിൽ വൻതോതിൽ മണലെടുക്കുന്നത് ഒരുനാടിനെ ഇല്ലാതാക്കുമെന്ന് നിവേദകസംഘം ബോധ്യപ്പെടുത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൾജബ്ബാർ, വി.വി.ഉത്തമൻ, ഒ.കെ.വിജയൻ, പി.പി.ശാരദ, എം.കെ.എം.അബ്ദുൽഖാദർ, മാധവൻ ഒരിയര, സുമാ കണ്ണൻ, എം.സി.സുഹറ, വിവിധ കക്ഷിനേതാക്കൾ തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു. പോർട്ട് കൺസർവേറ്റർക്കും നിവേദനം നൽകി.