വലിയപറമ്പ്: മാവിലാക്കടപ്പുറം പുഴയോരത്തെ അനധികൃത മണലെടുപ്പിനെതിരെ വലിയപറമ്പിൽ ജനരോഷമുയരുന്നു. മണ്ണൊലിപ്പ് ശക്തമാവുകയും കിണറുകളിൽ ഉപ്പിന്റെ സാന്നിധ്യം കാണുകയുംചെയ്ത സാഹചര്യത്തിലാണ് വലിയപറമ്പ് പഞ്ചായത്തിലെ ജനങ്ങൾ ജനകീയ സമരത്തിനിറങ്ങുന്നത്. പടന്ന, ചെറുവത്തൂർ പഞ്ചായത്തുകളിലെ അംഗീകൃത മണൽ കടവുകളുടെ മറവിലാണ് അനധികൃത മണൽ കടത്ത്. ചട്ടങ്ങൾ ലംഘിച്ച് യന്ത്രങ്ങൾഘടിപ്പിച്ച വലിയ വള്ളങ്ങളിൽ 100 കണക്കിന് ലോഡ് മണലാണ് ദിവസവും കടത്തുന്നത്. നടപടിയെടുക്കേണ്ടവരുടെ മൗനസമ്മതത്തിലാണ് മണൽ കടത്തുന്നതെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും ആരോപിച്ചു.
അനധികൃത മണൽ കടത്തലിൽ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൾ ജബ്ബാർ മാവിലാക്കടപ്പുറത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗമാണ് ജനകീയ സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൾ ജബ്ബാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.പി.ശാരദ, പഞ്ചായത്തംഗങ്ങളായ എം.കെ.എം.അബ്ദുൾ ഖാദർ, എം.സി.സുഹറ, സുമ കണ്ണൻ, എം.വി.സരോജനി, വിവിധ രാഷ്ട്രിയപ്പാർട്ടി പ്രതിനിധികളായ കെ.വി.ഗംഗാധരൻ, വി.വി.ഉത്തമൻ, കെ.എം.സി.ഇബ്രാഹിം, ഒ.കെ.വിജയൻ, കെ.കെ.കുഞ്ഞബ്ദുള്ള, ഉസ്മാൻ പാണ്ട്യാല, ടി.കെ.അബ്ദുൾ സലാം, ഒ.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.