വലിയപറമ്പ: കുട്ടികൾക്കുനേരേ നടക്കുന്ന ലൈംഗീക അതിക്രമങ്ങൾക്കെതിരേ ബോധവത്‌കരണ സന്ദേശം പകർന്ന് പുലിമുട്ടിന് സമീപം കടലോരത്ത് മണൽശില്പം തീർത്തു. പോലീസിന്റെ കവചം/മാലാഖ പ്രോജക്ടിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ബോധവത്‌കരണ പരിപാടിയുടെ ഭാഗമായി ചന്തേര ജനമൈത്രി പോലീസും ബീച്ച് ഫ്രൻഡ്‌സ് വെളുത്തപൊയ്യ വായനശാലയും ചേർന്നാണ് മണൽശില്പനിർമാണത്തിന് വേദിയൊരുക്കിയത്.
ശില്പികൾ കെ.വി.രവി, കെ.വി.കേശവൻ, കെ.വി.വേണു, പുരുഷോത്തമൻ മാവുങ്കാൽ, കുഞ്ഞിരാമൻ വരക്കാട് എന്നിവർ ചേർന്നാണ് ശില്പം നിർമിച്ചത്. ബോധവത്‌കരണ പരിപാടിയിൽ ചന്തേര ജനമൈത്രി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. വലിയപറമ്പ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൾ ജബ്ബാർ, സുമാ കണ്ണൻ, എം.കെ.അബ്ദുൾഖാദർ, സബ് ഇൻസ്പെക്ടർ പി.വിജയൻ, കെ.വി.വത്സലൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുരേശൻ കാനം, കെ.വി.പ്രദീപൻ എന്നിവർ സംസാരിച്ചു. ഉദിനൂർ ഹയർ സെക്കൻഡറി സ്കൂൾ, തൃക്കരിപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസും അധ്യാപകരും സംബന്ധിച്ചു.