ഉപ്പള: ഇരുസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് യുവാവിനെ ആയുധങ്ങളുമായി പോലീസ് അറസ്റ്റുചെയ്തു. ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദീൻ (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയോടെ ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്താണ് സംഘർഷമുണ്ടായത്. ആയുധങ്ങളുമായി അക്രമിക്കാൻ എത്തിയ ഒരുവിഭാഗത്തെ തടഞ്ഞുനിർത്തി എതിർവിഭാഗം കാർ തല്ലിത്തകർത്തു. വിവരമറിഞ്ഞ് എത്തിയ പോലീസ് കാറിൽനിന്ന് കത്തിയും വടിവാളും കണ്ടെടുത്തു.
ഇതിൽ സഞ്ചരിക്കുകയായിരുന്ന ബദറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. കാർ തല്ലിപ്പൊളിച്ചതിന് മണിമുണ്ട സ്വദേശികളായ രണ്ടുപേർക്കെതിരേയും പോലീസ് കേസെടുത്തു. മുൻകാലങ്ങളിൽ ഉപ്പളയിൽ സജീവമായിരുന്ന ഗുണ്ടാസംഘങ്ങളിലെ കണ്ണികളാണ് സംഘർഷത്തിനുപിന്നിലെന്ന് കരുതുന്നു. സംഭവത്തെത്തുടർന്ന് പ്രതികൾക്കായി മഞ്ചേശ്വരം പോലീസ് തിരച്ചിൽ ഊർജിതമാക്കി.