ഉപ്പള: കടലേറ്റത്തിൽ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഏഴ് കുടുംബങ്ങൾക്ക് പെരുന്നാൾവസ്ത്രങ്ങളും മരുന്നുകളും വിതരണം ചെയ്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീട് നഷ്ടപ്പെട്ട മുസോടി കടപ്പുറത്ത് താമസിക്കുന്ന കുടുംബങ്ങൾക്കാണ് വസ്ത്രങ്ങളും മരുന്നുകളും നൽകിയത്. കാലവർഷം കനത്തതോടെ പലർക്കും തൊഴിലെടുക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇവരുടെ പുനരധിവാസത്തിന് സ്ഥിരംസംവിധാനം കാണണമെന്നും വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കൺവീനർ സഫിയ സമീർ ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അംബുഞ്ഞി തലക്കളായി രോഗികൾക്ക് മരുന്ന് വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അഷ്റഫ് ബായാർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സാഹിദ ഇല്യാസ്, നാസില, റാസിക്ക് മഞ്ചേശ്വരം തുടങ്ങിയവർ സംബന്ധിച്ചു.