ഉദുമ: കടലേറ്റംരൂക്ഷമായ ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ജന്മ, കൊപ്പൽ എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ജനപ്രതിനിധികളടക്കമുള്ള നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നൂറുമീറ്ററോളം കര കടലെടുത്തിരുന്നു.

നിരവധി തെങ്ങുകളും കടപുഴകി. ജന്മ കടപ്പുറത്തെ രാമന്റെ വീട്ടിലേക്ക് തിരമാലകൾ അടിച്ച് വെള്ളം മുറ്റംവരെ എത്തുന്നുണ്ട്. ഇവിടെ താമസിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്. കൊപ്പൽ കടപ്പുറത്തെ ഇബ്രാഹിം, കാർത്യായനി, കണ്ണൻ, നാരായണൻ, ശോഭ എന്നിവരുടെ തെങ്ങുകളും ഭൂമിയുമാണ് ഭീഷണി നേരിടുന്നത്.

കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ കൊപ്പൽ കടപ്പുറം ബീച്ച് റോഡ് പൂർണമായും തകർന്നിരുന്നു. ഈ പ്രദേശങ്ങളിൽ കടൽഭിത്തി ഇല്ലാത്തതിനാലാണ് കടൽ കരയെടുക്കാനുള്ള കാരണം. തമിഴ്നാട്ടിൽ കരയിടിച്ചിൽ തടയാൻ നടപ്പാക്കിയ രീതി ഇവിടെയും പ്രയോജനപ്പെടുത്തണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂർ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി, വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലൻ, ഭരണസമിതിയംഗങ്ങളായ സൈനബ അബുബക്കർ, കെ.വി.അപ്പു, ചന്ദ്രൻ നാലാംവാതുക്കൽ, കോൺഗ്രസ് ഭാരവാഹികളായ വാസു മാങ്ങാട്, പി.വി.ഉദയകുമാർ, സേവാദൾ ഉദുമ ബ്ലോക്ക് ചെയർമാൻ മജീദ് മാങ്ങാട്, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് അമ്പാടി, രൂപേഷ് പള്ളം, ടി.ആർ. നന്ദൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.